ചെന്നൈ നിരത്തിലെ ചതുരക്കളങ്ങള്‍; ചെസ് ഒളിമ്പ്യാഡ് അലങ്കാരക്കാഴ്ചകള്‍
Monday, August 1, 2022 10:28 AM IST
ചെസ് ഒളിമ്പ്യാഡിന്‍റെ 44 -ാം പതിപ്പ് തമിഴ്നാട്ടിലെ ചെന്നൈയില്‍ വച്ചാണല്ലൊ നടക്കുന്നത്. വിശ്വനാഥന്‍ ആനന്ദിനെ പോലുള്ള പ്രതിഭകള്‍ പിറന്ന തമിഴ് നാടിന് ചെസ് ഒരു വികാരം തന്നെ ആയിരിക്കുമല്ലൊ. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10വരെ നടക്കുന്ന ഈ മഹാ മേളയുടെ ലഹരിയിലാണ് ചെന്നൈ നഗരം മുഴുവന്‍.
ഈ നാടിന്‍റെ വിവിധയിടങ്ങളില്‍ ചെസ് സൂചകമായ സ്തൂപങ്ങളും ചിത്രങ്ങളും കാണാം. ചെസിന്‍റെ ലോഗോ ആയ "തമ്പി' എന്ന കുതിരയുടെ ചിത്രവും എല്ലായിടത്തുമുണ്ട്.
എന്നാല്‍ കൂവം നദിയുടെ മുകളിലൂടെയുള്ള നേപ്പിയര്‍ പാലമാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ഏറ്റവും പിടിച്ചുപറ്റുന്നത്. ചെസ് കളങ്ങളെ അനുസ്മരിപ്പിക്കും വിധം പാലം മുഴുവനായി പെയ്ന്‍റ് ചെയ്തിരിക്കുകയാണ്.
പാലത്തിന്‍റെ തൂണുകളിലും ഇത്തരത്തില്‍ നിറം പൂശിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് കൗതുകം സമ്മാനിക്കുന്നുണ്ട്. നിരവധിയാളുകളാണ് നേപ്പിയര്‍ പാലത്തിന്‍റെ ദൃശ്യങ്ങള്‍ തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഡ്രോണ്‍ കാപ്ച്ചേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഈ പാലത്തിന്‍റെ വീഡിയോ വന്നിരുന്നു. പാലത്തിന്‍റെ ആകാശ ദൃശ്യം നയന മനോഹരമെന്നാണ് പലരും വിലയിരുത്തുന്നത്. ഏതായാലും കാഴ്ചകളുടെ ഈ സന്തോഷം മാത്രമല്ല ഒളിമ്പ്യാഡില്‍ ഇന്ത്യ മെഡല്‍ നേടുന്ന സന്തോഷം കൂടിയുണ്ടാകട്ടെ എന്നാണ് ചിലരുടെ കമന്‍റ്.