കൊറോണ ആശങ്കകൾക്കിടയിൽ ഒരു ഇന്ത്യാ- ചൈന പരിണയം
Monday, February 3, 2020 12:24 PM IST
രാജ്യത്തിന്റെ അതിർത്തികൾ കടന്ന് അവർ പ്രണയിച്ചു. വീട്ടുകാരുടേയും ബന്ധുക്കളുടേയുമൊക്കെ ആശീർവാദത്തോടെ വിവാഹ നിശ്ചയവും കഴിഞ്ഞു. വരന്റെ നാടായ ഇന്ത്യയിൽ വച്ച് വിവാഹം നടത്താൻ തീരുമാനവുമായി. പക്ഷേ അപ്പോഴേക്കും വില്ലനായി കോറോണ എത്തി.
എന്തായാലും അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ വിവാഹം മംഗളകരമായി നടന്നു. മധ്യപ്രദേശുകാരൻ സത്യനാഥ് മിശ്രയും ചൈനീസ് യുവതി സിഹിയോ വാംഗും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം വരന്റെ ജന്മദേശമായ മൻസോറിൽ നടന്നു.
മധ്യപ്രദേശ് ആരോഗ്യ വകുപ്പിന്റെ കർശന നീരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് വിവാഹം നടന്നത്. മൻസോർ ജില്ലാ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചൈനയിൽ നിന്നു വന്ന വധു അടക്കം എല്ലാവരേയും വൈദ്യപരിശോധനകൾക്ക് വിധേയരാക്കി. ചൈനയിൽ നിന്നു വന്നവർക്കാർക്കും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

കാനഡയിലെ പഠനത്തിനിടയിലാണ് സത്യനാഥ് മിശ്രയും സിഹാവോയും തമ്മിൽ പ്രണയത്തിലായത്. പഠനം പൂർത്തിയാക്കിയതിനുശേഷമായിരുന്നു വിവാഹം. സിഹാവോയുടെ അച്ഛൻ ഷിബോ വാംഗ്, അമ്മ ഷിൻ ഗുവാൻ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
തങ്ങളുടെ പ്രവിശ്യയിൽ ആർക്കും ഇതുവരെ കൊറോണ രോഗബാധ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആശങ്കകളില്ലെന്നും വധുവിന്റെ അച്ഛൻ ഷിബോ വാംഗ് പറഞ്ഞു. ഇന്ത്യയിലെ ആരോഗ്യവകുപ്പിന്റെ എല്ലാ നിർദേശങ്ങളും തങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.