കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ഇവ ചിലപ്പോളൊക്കെ നമ്മളെ ചിരിപ്പിക്കുമെങ്കിലും മറ്റ് ചിലപ്പോള്‍ ചെറിയ നോവും സമ്മാനിക്കും. ഏതായാലും അസാമാന്യമായ വഴക്കത്തോടാണ് ഈ കച്ചവടക്കാര്‍ ഇങ്ങനെ കബളിപ്പിക്കുന്നത്.

അടുത്തിടെ ഗുല്‍സാര്‍ സാഹബ് എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഇത്തരമൊരു ഐസ്ക്രീം കബളിപ്പിക്കല്‍ വീഡിയോ ആണുള്ളത്.

ദൃശ്യങ്ങളില്‍ കുറച്ചാളുകള്‍ ഈ കച്ചവടക്കാരന് സമീപമായി നില്‍ക്കുകയാണ്. അയാള്‍ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഐസ്ക്രീം കോണ്‍ കൈയില്‍ കൊടുത്തശേഷം അതില്‍ നിന്നും ഐസ്ക്രീമുള്ള കോണ്‍ മാറ്റുകയാണ്.

ഇത്തരത്തില്‍ പലതവണ ചെയ്യുമ്പോള്‍ കുട്ടി കരയുന്നു. ചിലര്‍ ഈ കാഴ്ച കണ്ട് ചിരിക്കുന്നതും കാണാം. പിന്നീട് പെണ്‍കുട്ടി കോപിഷ്ഠയായി കച്ചവടക്കാരനെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഏതായാലും ഇയാള്‍ ഒടുവില്‍ കുട്ടിക്ക് ഐസ്ക്രീം സമ്മാനിക്കുന്നു.

വൈറലായി മാറിയ വീഡിയോയ് ഭിന്നാഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചെറിയ കുട്ടികളെ ഇത്തരത്തില്‍ നോവിക്കുന്നത് ശരിയല്ലെന്നാണ് ചിലര്‍ കമന്‍റുകളില്‍ പറയുന്നത്. ദോഷകരമല്ലാത്ത തമാശയായി കണ്ടാല്‍ മതിയെന്നാണ് വേറെ ചിലരുടെ പക്ഷം.