നല്കിയ ടിപ്പില്‍ തൃപ്തനായില്ല; ഭക്ഷണത്തില്‍ തുപ്പിവച്ച് ഡെലിവറി ഏജന്റ്; വീഡിയോ
Saturday, September 16, 2023 2:59 PM IST
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഭക്ഷണ ഡെലിവറിയുമായി ബന്ധപ്പെട്ട് പരാതികളും ഇടയ്ക്കിടെ ഉയരുന്നത് പതിവാണ്. ഭക്ഷണവുമായി വരുന്നവര്‍ക്ക് മിക്കവരും 'ടിപ്' നല്‍കാറുണ്ട്.
എന്നാല്‍ ടിപ് നല്‍കിയത് കുറഞ്ഞു പോയെന്ന തോന്നലിനെത്തുടര്‍ന്ന് ഒരു ഡെലിവറി ഏജന്റ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 13 വയസുകാരനായ ഏലിയാസ് ക്രിസാന്റോയും അവന്റെ അമ്മയും ഡോര്‍ഡാഷ് എന്ന ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ആപ്പിലൂടെയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
അല്പനേരത്തിനു ശേഷം ഭക്ഷണവുമായി എത്തിയ ഡെലിവറി ഏജന്റ് ഭക്ഷണം വാതിലിനരികെ വയ്ക്കുകയും ചെയ്തു. പിന്നീട് പേയ്മെന്റിനായി അവിടെ കാത്തുനിന്ന ഏജന്റ് ടിപ്പായി ലഭിച്ച തുക ഫോണില്‍ കണ്ടതോടെ ക്ഷുഭിതനാവുകയായിരുന്നു.
അതിനുശേഷം കൊണ്ടുവന്ന ഭക്ഷണത്തില്‍ തുപ്പിവെച്ച ശേഷം ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. വാതിലിനരികില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഈ ദൃശ്യങ്ങള്‍ തത്സമയം സിസിടിവിയിലൂടെ കണ്ട ഏലിയാസ് ചാറ്റ് സര്‍വീസിലൂടെ റീഫണ്ടിന് അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ റീഫണ്ടിനുള്ള അപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഡോര്‍ഡാഷ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയും സംഭവം വിശദീകരിക്കുകയായിരുന്നു.
30 ഡോളറിനാണ് ഏലിയാസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. മൂന്ന് ഡോളര്‍ ടിപ്പും നല്കി. എന്നാല്‍ അതില്‍ തൃപ്തനാകാഞ്ഞതിനെത്തുടര്ന്ന് ഡെലിവറി ഏജന്റ് ഇത്തരമൊരു പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഡോര്‍ഡാഷ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഡെലിവറി ഏജന്റിനെ പുറത്താക്കിയതായി അറിയിച്ചു.