കഴുത്തിനു പിടിക്കുന്ന സൗന്ദര്യം! സുന്ദരിമാരായ പെൺകുട്ടികളുടെ ഈ കഷ്ടപ്പാടുകൾ കേട്ടാൽ അന്തംവിടും..
Sunday, January 24, 2021 4:43 PM IST
റോഡിലൂടെ നിങ്ങൾ നടന്നുപോകുകയാണ്. നല്ല ഉയരമുള്ള, അസാധാരണമായ നീളൻ കഴുത്തുമായി ഒരു പെൺകുട്ടി എതിർ ദിശയിൽ വരുന്നത്. ഒരു പക്ഷേ, നിങ്ങൾ കൗതുകത്തോടെ അവളെ നോക്കിയേക്കാം.
ജിറാഫിന്റെ കഴുത്തുപോലെയുണ്ടല്ലോയെന്ന് മനസിലെങ്കിലും ഒരു കമന്റും പാസാക്കാൻ സാധ്യതയുണ്ട്. എന്നാൽ, കഴുത്തിനു നീളം കൂടുന്നത് ഒരു അലങ്കാരവും ബഹുമതിയുമായി കരുതിയാലോ? അങ്ങനെ ജീവിക്കുന്ന ചിലർ ഈ ലോകത്തുണ്ട്. സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ കഴുത്തിനു നീളം കൂട്ടാൻ നടത്തുന്ന കഷ്ടപ്പാടുകൾ കേട്ടാൽ നമ്മൾ അന്തംവിട്ടുനിൽക്കും.
ജിറാഫ് ജീവിതം!
നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കഴുത്ത് ഒരു പരിധിയിൽ കൂടുതൽ നീളം വച്ചിരിക്കുന്നതും വണ്ണം കുറഞ്ഞിരിക്കുന്നതുമൊന്നും നമുക്ക് അത്ര പിടിക്ക ണമെന്നില്ല. എന്നാൽ, ഇത്തരം സ്ത്രീകളെ സൗന്ദര്യ ത്തിന്റെ നിറകുടമായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗോത്രവിഭാഗമുണ്ട്, അങ്ങ് തായ്ലൻഡിൽ.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായ്ലൻഡിലെ മേ ഹോങ് സോനിൽ താമസിക്കുന്ന കായൻ ഗോത്ര വിഭാഗത്തിലെ സ്ത്രീകളാണിവർ. ജിറാഫ് സ്ത്രീകൾ എന്നാണ് ലോകം ഇവരെ വിശേഷിപ്പിക്കുന്നത്. കാരണം ഇവരുടെ കഴുത്തുകൾ ജിറാഫിന്റേതുപോലെ നീണ്ട താണ്.
നീണ്ട കഴുത്ത് ഒരു പെൺകുട്ടിയുടെ സൗന്ദര്യവും ചാരുതയും ആകർഷകത്വവും വർധിപ്പിക്കുന്നുവെന്നത് കായൻ ഗോത്രത്തിനുള്ളിലെ ഒരു ജനപ്രിയ വിശ്വാസ മാണ്. പക്ഷേ, വെറുതെ കഴുത്തിനു നീളം ഉണ്ടാകില്ലല്ലോ. അതുകൊണ്ട് നീളം വയ്പ്പിക്കാനുള്ള പരിപാടികൾ ചെറുപ്പത്തിലേ തുടങ്ങും.

വളയങ്ങളിൽ
ഇതിനായി ഈ ഗോത്രത്തിൽപ്പെട്ട പെൺകുട്ടികൾ അഞ്ചു വയസുള്ളപ്പോൾ മുതൽ കഴുത്തിൽ വളയങ്ങൾ ധരിക്കാൻ തുടങ്ങും! കാലക്രമേണ വളയങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുവരും. വളയങ്ങളുടെ ആകൃതിക്കനുസരിച്ച് അവരുടെ കഴുത്തും വളർന്നു തുടങ്ങും. കുറെ വർഷങ്ങൾ കഴിയുന്പോൾ കഴുത്തുനീണ്ടു മെലിയും. ഇതോടെ ഈ ഗോത്രത്തിലെ പെൺകുട്ടികൾ സുന്ദരികളും കുലീന കളുമായി മാറിയെന്നാണ് വിശ്വാസം. കഴുത്തിൽ മാത്രമല്ല, ചിലർ കാലുകളിലും ഇത്തരം വളയങ്ങൾ ധരിക്കാറുണ്ട്.
പിച്ചള കൊണ്ടുണ്ടാക്കിയ കോയിലുകളാണ് ഇവർ കഴുത്തിൽ ചുറ്റാൻ ഉപയോഗിക്കുന്നത്. പെൺകുട്ടികൾക്ക് അഞ്ചു വയസുള്ളപ്പോൾ മുതൽ തുടങ്ങുന്ന ആചാരം വർഷങ്ങൾ കഴിഞ്ഞു പ്രായമായാലും ഇവർ നിർത്തില്ലത്രേ. വയോധികരായ നിരവധി സ്ത്രീകളുടെ കഴുത്തിലും കാലിലുമായി ഇപ്പോഴും പിച്ചള വളയങ്ങൾ കാണാം.
1985 കാലം മുതൽ നിരവധി വിനോദസഞ്ചാരികൾ ഇവരെ കാണാനും ഇവരുടെ രീതികൾ മനസിലാക്കാനും ഇവരുടെ ഗോത്രപ്രദേശത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇവിടെയെത്തിയവരെയെല്ലാം ഇവിടുത്തെ സ്ത്രീകൾ മാന്യമായി സ്വീകരിക്കുകയും അവരുടെ ആചാരങ്ങ ളെക്കുറിച്ചു വ്യക്തമായി പറഞ്ഞു കൊടുക്കാറുമുണ്ടത്രേ.