വിദൂരതയില്‍ നിന്നെത്തി ആശ്ചര്യപ്പെടുത്തിയ കാമുകിയെ കാണാം; വീഡിയോ
Saturday, March 18, 2023 12:38 PM IST
പ്രണയം കാലത്തിനും ദൂരത്തിനും മീതെയാണെന്നാണ് പറയാറ്. അവ ശരിവയ്ക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരത്തിലൊരു പ്രണയത്തിന്റെ കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. യുകെയിലെ ഒരു കാമുകന് അല്പം ദൂരെയുള്ള കാമുകി നല്കുന്ന സര്‍പ്രൈസാണ് സംഭവം.
യുകെയില്‍ സെക്കന്‍ഡറി സ്കൂള്‍ പഠനം അവസാനിക്കുമ്പോള്‍ നടത്താറുള്ള ഒന്നാണ് ലീവേഴ്സ് ബോള്‍. പിന്നീട് ആ സ്കൂളില്‍ പഠിക്കാന്‍ തിരികെ എത്താത്തതിനാല്‍ ഇത് മിക്കവരും ആഘോഷിക്കാറുണ്ട്.
അത്തരത്തില്‍ ഒരു യുവാവ് തന്റെ ലീവേഴ്സ് ബോള്‍ കൊണ്ടാടുകയായിരുന്നു. ദൃശ്യങ്ങളില്‍ ഒരു പുല്ത്തകിടിക്കടുത്തായി കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞ് നില്‍ക്കുകയാണ് ഈ യുവാവ്. കൈയിലൊരു വൈന്‍ ഗ്ലാസും പിടിച്ചാണ് യുവാവിന്റെ നില്‍പ്പ്.
അവിടേക്ക് നീല വസ്ത്രം ധരിച്ച് സുന്ദരിയായൊരു പെണ്‍കുട്ടി എത്തുകയാണ്. ഈ യുവാവിന്റെ കാമുകിയാണ് ഈ പെണ്‍കുട്ടി. എന്നാല്‍ യുവാവ് ഈ പെണ്‍കുട്ടിയെ കാണുന്നില്ല. കാമുകന് പിന്നിലെത്തിയ യുവതി അയാളുടെ കൈയില്‍ പിടിക്കുന്നു.
എന്നാല്‍ മറ്റേതെങ്കിലും പെണ്‍കുട്ടി ആയിരിക്കുമെന്ന് വിചാരിച്ച് യുവാവ് സാധാരണപോലെ തിരിഞ്ഞു നോക്കുന്നു. പക്ഷേ കാമുകിയെ കണ്ട് അക്ഷരാര്‍ഥത്തില്‍ യുവാവ് ഞെട്ടി.
കാരണം അത്ര ദൂരത്തുനിന്ന് കാമുകി എത്തുമെന്ന് യുവാവ് സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആകെ ഞെട്ടിയ ഇദ്ദേഹത്തിന്റെ കൈയിലിരുന്ന ഗ്ലാസ് നിലത്തേക്ക് വീണുപോവുകയാണ്.
ഒരു ചിരിയോടെ പെണ്‍കുട്ടി കാമുകനെ ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വൈറലായ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. "ഒരു വിവാഹ മോതിരം വെെകാതെ വാങ്ങേണ്ടിവരുമെന്ന് ഉറപ്പായി' എന്നാണൊരാള്‍ കുറിച്ചത്.