മുങ്ങിച്ചാകാതിരിക്കാനാണ് ലൈഫ് ജാക്കറ്റ്; എന്നാൽ മീൻ ലൈഫ് ജാക്കറ്റിട്ട് നീന്തിത്തുടങ്ങിയാലോ?
Friday, February 19, 2021 5:00 PM IST
കരയിൽനിന്ന് വെള്ളത്തിലിറങ്ങുന്നവർ മുങ്ങി ചാവാതിരിക്കാനാണ് സാധാരണ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നത്. വെള്ളത്തിലെ യാത്രയിൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നതു പലേടത്തും കർശന നിയമം തന്നെയാണ്. എന്നാൽ, ഒരു മീനിനു ലൈഫ് ജാക്കറ്റ് ധരിക്കേണ്ടി വന്നാലോ? കേൾക്കുന്പോൾ തന്നെ അതൊരു തമാശയായി തോന്നും.
24 മണിക്കൂറും വെള്ളത്തിൽ കിടക്കുന്ന മീൻ എങ്ങനെ മുങ്ങിച്ചാവാൻ! പിന്നെ എന്തിനു ലൈഫ് ജാക്കറ്റ്. എന്നാൽ, സംഗതി സത്യം തന്നെയാണ്. ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിലെ സ്റ്റേസി ഓഷിയയുടെ വീട്ടിൽ ചെന്നാൽ ലൈഫ് ജാക്കറ്റ് ധരിച്ചു നീന്തുന്ന മത്സ്യത്തെ കാണാം.
വീട്ടിലെ ഫിഷ് ടാങ്കിൽ നീന്തിത്തുടിക്കുന്ന ഗോൾഡ് ഫിഷ് ആണ് ലൈഫ് ജാക്കറ്റ് ധരിച്ചു വിലസുന്നത്. ലൈഫ് ജാക്കറ്റ് ധരിച്ചു നീന്തുന്ന മത്സ്യം വാർത്തകളിലും നിറഞ്ഞിരിക്കുകയാണ്. എന്നാൽ, ഇതു ജാഡയ്ക്കോ സ്റ്റൈലിനോ ഒന്നുംവേണ്ടിയല്ല ഈ കുഞ്ഞു ലൈഫ് ജാക്കറ്റ് ഗോൾഡ് ഫിഷ് ധരിച്ചിരിക്കുന്നത്, അല്ലെങ്കിൽ അതിനെ ധരിപ്പിച്ചിരിക്കുന്നത്.
ആരോഗ്യപ്രശ്നമുണ്ട്
ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒരു ആരോഗ്യപ്രശ്നം ഈ മത്സ്യത്തെ അലട്ടുകയാണ്. വെള്ളത്തിൽ നേരേ നിന്നു നീന്താൻ കഴിയുന്നില്ല എന്നതായിരുന്നു ഈ സ്വർണ മത്സ്യത്തിന്റെ പ്രശ്നം. ബാലൻസ് കിട്ടാതെ ഒരു വശത്തേക്കു പോകും. ഇതോടെ ഉന്മേഷമൊക്കെ നഷ്പ്പെട്ടു ടാങ്കിനടിയിൽ തലകീഴായി കിടക്കുകയായിരുന്നു ഏറെ നേരവും.
സ്വർണ മത്സ്യത്തിന്റെ ഈ അവസ്ഥ കണ്ട സ്റ്റേസിക്ക് ആകെ വിഷമമായി. മത്സ്യത്തെ നേരേ നിർത്താനുള്ള പരിഹാരം ആലോചിച്ചപ്പോഴാണ് ഒരു ലൈഫ് ജാക്കറ്റ് എന്ന ആശയം ഉയർന്നുവന്നത്. അങ്ങനെ പ്ലാസ്റ്റിക് ട്യൂബും മറ്റും ഉപയോഗിച്ചു ഒരു കുഞ്ഞൻ ലൈഫ് ജാക്കറ്റ് നിർമിച്ചു. അതു ഗോൾഡ് ഫിഷിനെ അണിയിച്ചു.
ഇതോടെ ബാലൻസ് ശരിയായ ഗോൾഡ് ഫിഷ് ടാങ്കിൽ പാച്ചിൽ തുടങ്ങി. ഊർജമൊക്കെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നീന്തിത്തുടിക്കുന്ന സ്വർണ മത്സ്യം ഇപ്പോൾ വൈറലാണ്.