പെൺകുട്ടിയുടെ വയറ്റിൽ നിന്ന് കിട്ടിയത് അരക്കിലോ മുടി, കാലിയായ ഷാംപു കവറുകൾ!
Tuesday, January 28, 2020 9:36 AM IST
13 വയസുള്ള പെൺകുട്ടിയുടെ വയറ്റിൽനിന്ന് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും ശസ്ത്രക്രിയവഴി പുറത്തെടുത്തു. വയറുവേദനയെത്തുടർന്നാണ് ഏഴാംക്ലാസ് വിദ്യാർഥിനിയാണ് നഗരത്തിലെ വിജിഎം ആശുപത്രിയിൽ ചികിത്സ തേടിയത്.
മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടർമാരോടു പറഞ്ഞത്. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റിൽ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് എൻഡോസ്കോപ്പിവഴി ഇതു നീക്കം ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. അടുത്ത ബന്ധു മരിച്ചതിൽ കുട്ടി മാനസികമായി തകർന്നുപോയതാവാം ഇത്തരത്തിലൊരു വൈകൃതം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.