"അത്ര വേഗത്തില്‍ പോകാതെ കുഞ്ഞേ'; അമ്മയ്ക്കൊപ്പം നടത്തം പഠിക്കുന്ന സിംഹക്കുട്ടിയെ കാണാം
Wednesday, January 4, 2023 12:46 PM IST
സിംഹം എന്ന മൃഗത്തെ ഏറെ ആരാധനയോടെയാണ് മിക്കവരും നോക്കി കാണുന്നത്. കാട്ടിലെ രാജാവെന്നൊക്കെ ആളുകള്‍ വിശേഷിപ്പിക്കുന്ന സിംഹത്തിന്റെ നടപ്പ് ഒന്നു കാണേണ്ടതു തന്നെയാണ്.
മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള ബ്യൂട്ടന്ഗെബീഡിയന് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇത്തരത്തില്‍ ഒരു സിംഹനടയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ദൃശ്യങ്ങളില്‍ ഒരു സിംഹക്കുട്ടി വഴിയിലൂടെ നടക്കുകയാണ്. അതിന് പിറകിലായി നടക്കുന്ന അമ്മ സിംഹം അതിനെ ഇടയ്ക്കിടെ തട്ടി നേരെ നടക്കാന്‍ പരിശീലിപ്പിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ മറ്റ് ചില സിംഹങ്ങളെയും കാണാം.
അവയില്‍ കുഞ്ഞ് സിംഹങ്ങള്‍ ഈ അമ്മയ്ക്ക് അടുത്തേക്കായി ഓടി എത്തുന്നുമുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ കുഞ്ഞിനെ നടക്കാന്‍ പരിശീലിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ സുരക്ഷിതമായി പിന്തുടരുന്നുണ്ടെന്ന് ഈ സിംഹം തിരിഞ്ഞുനോക്കുന്നുമുണ്ട്.
ഏതായാലും ഈ നടപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "മരുഭൂമികള്‍ മുതല്‍ മഞ്ഞുമൂടിയ പര്‍വതങ്ങള്‍, ഇടതൂര്‍ന്ന കാടുകള്‍, പുല്‍മേടുകള്‍, ഇടം ഏതായാലും ഈ കുട്ടി അത് താണ്ടും; കാരണം പിന്നില്‍ അമ്മയെന്ന ശക്തിയുണ്ട്' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.