"ബഹുമാനം അര്‍ഹിക്കുന്നവര്‍'; ഫുട്ബോള്‍ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാന്‍കാര്‍
Tuesday, November 22, 2022 11:07 AM IST
ലോകമിപ്പോള്‍ കാല്പന്തുകളിയുടെ പിന്നാലെയാണല്ലൊ. ഫുട്ബോള്‍ ലോകകപ്പിന്റെ അനുരണനം നമ്മുടെ നാട്ടിലും ഉണ്ടാകുന്നുണ്ടല്ലൊ. ഇതുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും എത്തുന്നുണ്ട്.
നമ്മുടെ നാട്ടുകാര്‍ ഫ്ലെക്സും കട്ടൗട്ടും വച്ചതിന്റെ പേരിലൊക്കെ വാര്‍ത്തയിലിടം നേടുന്നണ്ടല്ലൊ. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള കുറച്ച് കാല്പന്തുകളി ആരാധകരാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. അതിന് കാരണം അവരുടെ പ്രവര്‍ത്തിയാണ്.
ഞായറാഴ്ച ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലുള്ള ഉദ്ഘാടന മത്സരം ദോഹയിലെ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നിരുന്നല്ലൊ. മത്സാരാന്ത്യത്തില് ഇക്വഡോര്‍ വിജയിക്കുകയും കാണികള്‍ ആവേശത്തോടെ സ്റ്റേഡിയം വിടുകയും ചെയ്തു.
ജനക്കൂട്ടം സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാലിന്യത്തിന്റെ വലിയ കൂമ്പാരം അവിടെ അവശേഷിച്ചു. എന്നാല്‍ ജാപ്പനീസ് ആരാധകര്‍ മത്സരത്തിന് ശേഷം സ്റ്റേഡിയത്തിലെ കുപ്പിയും മറ്റ് മാലിന്യങ്ങളും പെറുക്കി മാറ്റാന്‍ മുന്നോട്ടുവന്നു.
ബെഹ്റനില്‍ നിന്നുള്ള സമൂഹ മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റര്‍ ആയ ഒമര്‍ അല്‍ഫാറൂഖ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഈ ജപ്പാന്‍കാര്‍ സ്റ്റേഡിയം വൃത്തിയാക്കുകയാണ്. എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ഒമര്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ ഈ സ്ഥലത്തെ ബഹുമാനിക്കുന്നു അതിനാലാണെന്നാണ് അവരുടെ മറുപടി.
കാണികള്‍ സ്റ്റേഡിയത്തില്‍ ഉപേക്ഷിച്ച പതാകകളും അവര്‍ ശേഖരിച്ചു, "ഇവയേയും ബഹുമാനിക്കുന്നു’ എന്ന് കൂട്ടിച്ചേര്‍ത്തു.
ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധിപേര്‍ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി. തങ്ങള്‍ ഈ ജപ്പാന്‍കാരെ ബഹുമാനിക്കുന്നെന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്.