സമൂഹ മാധ്യമങ്ങളില്‍ പലരുടെയും പ്രകടനങ്ങള്‍ വൈറലാകാറുണ്ട്. അടുത്തിടെ ഒരു ഇന്ത്യക്കാരന്‍ ചാടി ഡ്രംസ് വായിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാലീ ഇന്ത്യക്കാരന്‍ ചര്‍ച്ചയാകുന്നതിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്.

ലോക പ്രശസ്തനായ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ഇദ്ദേഹത്തിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. ഈ ഇന്ത്യക്കാരന്‍റെ ആവേശകരമായ ഡ്രംസ് വായന ജസ്റ്റിന്‍ ബീബറിന് നന്നേ പിടിച്ചു. മാത്രമല്ല അദ്ദേഹം തന്‍റെ സുഹൃത്ത് ഡ്രമ്മര്‍ ഡെവണ്‍ ടെയ്‌ലറെ ടാഗ് ചെയ്യുകയും ചെയ്തു.

രംഗീലെ ‍ഹരിയാന്‍വി എന്ന ഇന്‍സ്റ്റഗ്രാം പേജിലാദ്യമെത്തിയ വീഡിയോയില്‍, മഞ്ഞ ടീ ഷര്‍ട്ടും കറുത്ത പാന്‍റും തൊപ്പിയും ധരിച്ച ഒരാള്‍ ആവേശത്തോടെ ധോള്‍ വായിക്കുന്നത് കാണാം. ഹനുമാന്‍റെയും ദുര്‍ഗയുടെയും വിഗ്രഹങ്ങള്‍ അലങ്കരിച്ചു വച്ചിട്ടുള്ള ഒരിടത്തുവച്ചാണ് ഇദ്ദേഹം ഡ്രംസ് കൊട്ടുന്നത്.

പലരും ഇരുന്ന് പ്രാര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ മനുഷ്യന്‍ മറ്റുള്ളവരെ ശ്രദ്ധിക്കാതെ തന്‍റേതായ ശൈലിയില്‍ സ്വന്തം താളത്തില്‍ നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏതായാലും വീഡിയോ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ചതോടെ ഇദ്ദേഹത്തിന്‍റെ കൊട്ട് ലോകം കേള്‍ക്കുന്നു എന്നുതന്നെ പറയാം.