കുട്ടികൾ ചുവന്ന ട്രൗസർ കുടഞ്ഞു; അപായമാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി
Tuesday, July 16, 2019 1:38 PM IST
കുട്ടികൾ കുടഞ്ഞ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തി. തലശേരി എടക്കാട് റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. എടക്കാട്- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് കുട്ടികൾക്ക് സംഭവിച്ച അബദ്ധം കാരണം അഞ്ച് മിനിട്ട് നിർത്തിയിടേണ്ടി വന്നത്.
13, 14 വയസുള്ള നാല് കുട്ടികളാണ് വീട്ടിൽ അറിയാതെ കുളിക്കാനെത്തിയത്. ഇതിനു മുമ്പ് ഇവർ തങ്ങളുടെ വസ്ത്രങ്ങൾ ഒന്നാം പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോർഡിന്റെ അടുത്തുള്ള മരപ്പൊത്തിൽ സൂക്ഷിച്ചു വച്ചിരുന്നു. കുളിച്ചു കഴിഞ്ഞ് തിരികയെത്തി വസ്ത്രം മാറുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി കൈയിലിരുന്ന ട്രൗസർ എടുത്ത് കുടയുമ്പോൾ ട്രെയിൻ ഇവിടേക്ക് വന്നു.
ചുവപ്പ് തുണി കണ്ട ട്രെയിന്റെ ലോക്കൊ പൈലറ്റ് അപകടമുന്നറിയിപ്പാണെന്ന് കരുതി ട്രെയിൻ നിർത്തുകയായിരുന്നു. പിന്നീട് ഇവിടെ എത്തിയ ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോണ്‍സ്റ്റബിൾ കെ. സുധീർ, സെപ്ഷൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവർ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തി സംസാരിച്ചു.
സംഭവത്തിൽ അപാകതകളൊന്നുമില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം കുട്ടികളെ വിട്ടയക്കുകയായിരുന്നു.