ലോക്ക്ഡൗണിനിടെ പോര്‍ഷെ കാറില്‍ നഗരം ചുറ്റല്; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
Sunday, April 26, 2020 8:26 PM IST
ലോക്ക്ഡൗണിനിടെ കാറില്‍ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ കൊണ്ട് സിറ്റ്അപ്പ് ചെയ്യിച്ച് സിറ്റി സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരക്കുകളില്ലാത്ത വിശാലമായ റോഡിലാണ് 20കാരന് തന്റെ ആഡംബര കാറായ പോര്ഷയുമായി കറങ്ങാനിറങ്ങിയത്.
ഇന്‍ഡോറിലെ പ്രമുഖനായ ബിസിനസുകാരന്റെ മകനായ ദീപക് ദര്യാണിയെയാണ് കൗണ്‍സില്‍ ഉദ്യേഗസ്ഥന് പിടികൂടിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന യുവാവിനെക്കൊണ്ട് ഉദ്യോഗസ്ഥന് ശിക്ഷയായി സിറ്റ്അപ്പ് ചെയ്യിപ്പിച്ചു. യുവാവ് ചെവിയില്‍ പിടിച്ചുകൊണ്ട് സിറ്റ്അപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
അതേസമയം, കര്‍ഫ്യൂ പാസ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന് മോശമായി പെരുമാറുകയായിരുന്നുവെന്ന് ദീപകിന്റെ കുടുംബം ആരോപിച്ചു.