പ്രണയം വിശേഷപ്പെട്ട ഒരു വികാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ പ്രണയത്തെ വാഴ്ത്തുമ്പോള്‍ മറ്റുചിലര്‍ പ്രണയത്തോട് നല്ല സമീപനം കാട്ടാറില്ല. നിലപാട് എന്തുതന്നെ ആയാലും ചില പ്രണയചേഷ്ടകള്‍ അതിരുകടക്കാറുണ്ട് എന്നതില്‍ രണ്ടുപക്ഷം ഉണ്ടാകാനിടയില്ല.

അത്തരത്തിലൊരു സംഭവത്തിന്‍റെ കാര്യമാണ് സാക്ഷി എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു നിരത്തിലെ കാഴ്ചയാണുള്ളത്.

ലക്നോവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് പ്രദേശത്തുള്ള ഒരു റോഡിലൂടെ ഒരു യുവതിയും യുവാവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രണയചേഷ്ടകള്‍ കാട്ടുകയാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലൂടെയാണ് ഇരുവരും ബൈക്കില്‍ പോകുന്നത്.

യുവാവ് ഓടിക്കുന്ന ബൈക്കില്‍ ഈ യുവതി തിരിഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനത്തില്‍ മുഖാമുഖം ഇരിക്കുന്ന ഇവര്‍ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയാണ്. റോഡിലൂടെയുള്ള മറ്റ് വാഹനങ്ങളെ ഇവര്‍ കാര്യമാക്കുന്നുമില്ല. പിറകില്‍ വാഹനത്തില്‍ സഞ്ചരിച്ച ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവം സമൂഹ മാധ്യമങ്ങളില്‍ വെെറലായി മാറി. ഇതോടെ ഇക്കാര്യം പോലീസിന്‍റെയും ശ്രദ്ധയിലുമെത്തി. മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇവരെ തിരയുകയാണ് പോലീസിപ്പോള്‍.

സമൂഹ മാധ്യമങ്ങളിലും നിരവധിപേര്‍ ഇവര്‍ക്കെതിരെ കമന്‍റുകളുമായി എത്തി. "മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയിട്ടല്ല പ്രണയിക്കേണ്ടത്' എന്നാണ് പലരും കുറിച്ചത്.