നൂറ്റാണ്ട് ഇരുപത്തൊന്നാണ്. ശാസ്ത്രം ഏറ്റവും പുരോഗമിച്ച ഈ കാലത്ത് മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറാനുള്ള ആദ്യപടികള്‍ താണ്ടിയും കഴിഞ്ഞു.

പക്ഷെ ഇതൊന്നും ചില അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കിതുവരെ കോഴി കൂവാത്തതിനാല്‍ നേരം വെളുത്തെന്ന് ഒരു കാരണവശാലും സമ്മതിക്കില്ല.

ഇതിനെ അന്വര്‍ഥമാക്കുന്ന ഒരു കാര്യമാണ് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സംഭവിച്ചത്. സൗരഭ് ശുക്ല എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ കുറച്ച് പോലീസുകാരെയും മന്ത്രവാദികളെയും ഒരു കുഴിമാടത്തിനടുത്തായി കാണാം.

നവരാത്രി ഉത്സവങ്ങള്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സമാധി എടുത്താല്‍ ബോധോദയം ലഭിക്കുമെന്ന് ഉന്നാവോയിലെ താജ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ചില യുവാക്കളോട് മന്ത്രവാദികള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

അതില്‍ ഏറ്റം വിശ്വാസിയായ ഒരു യുവാവ് ഈ പുരോഹിതന്‍മാരുടെ ഉപദേശപ്രകാരം സമാധിക്ക് തയാറായി. വൈകാതെ യുവാവിനെ ആറടി മണ്ണിന്‍റെ ഒരു കുഴിയില്‍ മൂന്നുമന്ത്രവാദികള്‍ കുഴിച്ചിട്ട്.

വിവരമറിഞ്ഞ് ഗ്രാമത്തിലുള്ളവര്‍ അസിവാന്‍ പോലീസ് സ്റ്റേഷനില്‍ കാര്യം വിളിച്ചറിയിച്ചു. പോലീസുകാര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുഴിയുടെ മുകളിലുള്ള മണ്ണ് മാറ്റി. യുവാവിനെ പുറത്തെത്തിച്ചു.

മന്ത്രവാദികള്‍ നേരിട്ട് മണ്ണ് കുഴിക്ക് മുകളിലിടാതെ മുളയും തടിയും മറ്റും വച്ചശേഷമാണ് മണ്ണിട്ടത്. അതിനാല്‍ യുവാവ് മരണപ്പെടാതിരുന്നു. ഏതായാലും മൂന്ന് മന്ത്രവാദികളേയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. നിരവധി പേര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ധാരാളം അഭിപ്രായങ്ങളും വിഷയത്തിലുണ്ടാവുകയുണ്ടായി.

എല്ലാവരും അറസ്റ്റിലായ സ്ഥിതിക്ക് ഇനി "ബോധോദയം' വന്നോളുമെന്നാണ് അവയിലൊരു കമന്‍റ്.