"അല്പം ചിലവേറിയ യാത്ര'; മഹാരാജാസ് ട്രെയിനിനെക്കുറിച്ച്
Saturday, December 17, 2022 12:45 PM IST
ട്രെയിന്‍ യാത്രകള്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. അതിന്റെ മുഖ്യകാരണം വളരെ ദൂരം കുറഞ്ഞ നിരക്കില്‍ സഞ്ചരിക്കാം എന്നതാണ്. പലരും തങ്ങളുടെ തീവണ്ടിയാത്രകളുടെ സ്മരണകള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിക്കാറുണ്ട്.
എന്നാല്‍ ട്രെയിന്‍ യാത്ര എപ്പോഴും അത്ര ചെലവ് കുറഞ്ഞതല്ലെന്ന് പറഞ്ഞുതരികയാണ് മഹാരാജാസ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) നടത്തുന്ന ട്രെയിനാണ് മഹാരാജാസ് എക്സ്പ്രസ്.
വിനോദസഞ്ചാരം മുന്‍നിറുത്തിയുള്ള ഈ ട്രെയിന്‍ വളരെ രാജകീയമായിത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു യാത്രക്കാരന് നാല് റൂട്ടുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഏഴ് ദിവസം യാത്ര ചെയ്യാന്‍ കഴിയുന്ന വ്യവസ്ഥയാണ് മഹാരാജാസിലുള്ളത്.
ഇന്ത്യന്‍ പനോരമ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഏതെങ്കിലും ഒരു റൂട്ട് ഈ യാത്രയ്ക്കായി തെരഞ്ഞെടുക്കാം. ഈ ട്രെയിനില്‍ ഷവര്‍ ഉള്ള ഒരു കുളിമുറി, രണ്ട് പ്രധാന കിടപ്പുമുറികള്‍, കോംപ്ലിമെന്ററി മിനി ബാര്‍, എയര്‍ കണ്ടീഷനിംഗ്, വൈഫൈ ഇന്റര്‍നെറ്റ്, ലൈവ് ടെലിവിഷന്‍, ഡിവിഡി പ്ലെയറുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ നിരവധിയുണ്ട്.
എന്നാല്‍ ഈ ഒരു യാത്രയുടെ ചെലവ് കേട്ടാല്‍ ആരുടെയും കണ്ണ് തള്ളും. കാരണം 19 ലക്ഷത്തിലധികം രൂപയാണ് ഈ യാത്രയ്ക്കുള്ള ചെലവ്. കുഷാഗ്ര എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ച മഹാരാജാസിന്റെ വിശേഷത്തിന് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "ആ നിരക്കില്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണൊരു ഉപയോക്താവിന്റെ കമന്റ്.