വിരസത മാറ്റാന്‍ മോഷണം; സമൂഹ മാധ്യമങ്ങളുടെ സമയം അപഹരിച്ച ആളെക്കുറിച്ച്
കള്ളന്‍ എന്നാല്‍ അന്യന്‍റെ വക അപഹരിക്കുന്ന ആള്‍ എന്നാണല്ലൊ നാം മനസിലാക്കാറ്. സമൂഹത്തില്‍ പലതരത്തിലുള്ള മോഷണവും, ശൈലികളും കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരാള്‍ മോഷ്ടിച്ചാല്‍ കേള്‍ക്കുന്നവര്‍ ഒന്ന് അന്ധാളിക്കില്ലെ.

അത്തരത്തിലൊരാളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ച. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള നിക്കോളാസ് സപറ്റെര്‍ ലാമാഡ്രിഡ് ആണ് ഈ വേറിട്ട മോഷ്ടാവ്. രണ്ട് ദിവസത്തെ ഇടവേളയില്‍ ഒര്‍ലാന്‍ഡോ ടിഡി ബാങ്കും സര്‍ക്കിള്‍ കെ ഗ്യാസ് സ്റ്റേഷനും ആണ് ഈ 45കാരന്‍ കൊള്ളയടിച്ചത്.

ഈ മാസം അഞ്ചിനും ഏഴിനുമാണ് ഇയാള്‍ കളവ് നടത്തിയത്. പോലീസ് വേഷത്തിലാണ് ഇയാള്‍ മോഷ്ടിക്കാനെത്തിയത്.

ആദ്യത്തെ മോഷണ സമയത്ത് നിക്കോളാസ് ബാങ്കിലെ കാഷ്യറോട് എല്ലാ പണവും തന്‍റെ ബാഗില്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ മോഷണത്തിലും ഏതാണ്ട് സമാന രീതിയാണ് തുടര്‍ന്നത്. പോലീസ് പറയുന്നതനുസരിച്ച്, കവര്‍ച്ചയ്ക്കിടെ സപറ്റര്‍ലാമാഡ്രിഡ് തന്‍റെ കൈകള്‍ പോക്കറ്റില്‍ സൂക്ഷിച്ചു. പോക്കറ്റില്‍ ആയുധം കാണും എന്ന് ഭയന്ന ജീവനക്കാര്‍ പണം നല്‍കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസുകാര്‍ നോക്കുമ്പോള്‍ മോഷ്ടിച്ച പണവുമായി ലാമാഡ്രിഡ് കടയുടെ മുന്നില്‍ തന്നെ നില്‍ക്കുന്നത് കണ്ടു. കുറ്റസമ്മതം നടത്തിയ നിക്കോളാസ് വിരസതയും മറ്റ് മാനസിക അസ്വസ്ഥതകള്‍ നിമിത്തവുമാണ് താനിങ്ങനെ ചെയ്തതെന്ന് പറഞ്ഞു.

ഇയാളുടെ കാരണത്തില്‍ അന്തിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളും അവിടുത്തെ പോലീസുകാരും. വേറിട്ട അഭിപ്രായങ്ങളാണ് ഈ മോഷണത്തെക്കുറിച്ച് നെറ്റിസന്‍ നല്‍കുന്നത്. "ഇത് മോഷണമെന്ന് പറയാനാകില്ല; രോഗമാകാം' എന്നാണൊരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.