റോക്കറ്റിലെ "ബാഹുബലി' ഉടൻ കുതിക്കും
Tuesday, January 12, 2021 12:37 PM IST
നാസയുടെ റോക്കറ്റിലെ "ബാഹുബലി'പരീക്ഷണ വിക്ഷേപണത്തിന് ഒരുങ്ങുന്നു. നാസ നിർമിച്ച ഏറ്റവും കരുത്തുള്ള റോക്കറ്റ് ആണിത്. അടുത്ത ആഴ്ചയാണ് അതിശക്ത റോക്കറ്റിന്റെ നിർണായക ഹോട്ട് ഫയർ. മണിക്കൂറിൽ 1,75,000 മൈലാണ് വേഗം.
ഈ സ്പേസ് ലോഞ്ച് സിസ്റ്റം വഴി വൈകാതെ ബഹിരാകാശ സഞ്ചാരിയെ ചൊവ്വയിലേക്ക് എത്തിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. ബഹിരാകാശ സഞ്ചാരിയില്ലാത്ത സ്പേസ്ഷിപ്പ് അയക്കാനുള്ള ശ്രമത്തിനു മുന്നിലെ അവസാന കടന്പയും ഈ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണമാണ്.
2024 ആകുന്പോൾ ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന നാസയുടെ ആർടെമിസ് പ്രോഗ്രാമിന്റെ നട്ടെല്ലുമാണ് ഈ ബഹിരാകാശ വിക്ഷേപണ സംവിധാനം (സ്പേസ് ലോഞ്ച് സിസ്റ്റം).
320 അടി അതായത് 97 മീറ്റർ ഉയരമുള്ള ഈ റോക്കറ്റ് ഉപയോഗിച്ച് 2030ഓടെ സ്ഥിരമായി പരിക്രമണം ചെയ്യുന്ന ഒരു ചാന്ദ്രിക ഭ്രമണപഥം സ്ഥാപിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പ്രധാനപ്പെട്ട "സ്റ്റാറ്റിക്’ എൻജിൻ ടെസ്റ്റുകൾ പൂർത്തിയാക്കിയ ബൂസ്റ്ററിന്റെ അടുത്ത ട്രയലാണ് ജനുവരി 17ന് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കണ്ണഞ്ചും വേഗം
സ്പേസ് ഫ്ലൈറ്റ് നൗവിന്റെ റിപ്പോർട്ടുകളനുസരിച്ചു കഴിഞ്ഞ മാസം നടന്ന ഇന്ധന പരിശോധനയിൽ എൻജിനിയർമാർ തൃപ്തിരായതിനാലാണ് പരീക്ഷണ വിക്ഷേപണത്തിനായി തയാറെടുക്കുന്നത്. മിസിസിപ്പിയിലെ ബേ സെന്റ് ലൂയിസിനടുത്തുള്ള സ്റ്റെന്നിസ് ബഹിരാകാശ കേന്ദ്രത്തിലാണ് ’ഹോട്ട് ഫയർ’ നടത്തുന്നത്.
എൻജിൻ, ടാങ്കുകൾ, ഇന്ധന ലൈനുകൾ, വാൽവുകൾ, പ്രഷറൈസേഷൻ സിസ്റ്റം, സോഫ്റ്റ് വേർ എന്നിവയെല്ലാം വിക്ഷേപണ ദിനത്തിൽ ചെയ്യുന്നതുപോലെ ഒരുമിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുമോയെന്ന് ഈ പരീക്ഷണത്തിലൂടെ പരിശോധിക്കും.
പരീക്ഷണം വിക്ഷേപണം വിജയകരമായി പൂർത്തിയായാൽ, ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായിരിക്കും എസ്എൽഎസ്. റോക്കറ്റിന്റെ 25 കോർ സ്റ്റേജ് എൻജിനുകളുടെ സഹായത്താൽ സ്പേസ്ഷിപ് ക്രൂ വേർപെടുത്തുന്നതിനുമുന്പ് മാക് 23 എന്ന റിക്കാർഡ് വേഗത്തിലേക്കാണ് ഇത് എത്തുക. മാക് 23 എന്നത് മണിക്കൂറിൽ 17,647.2 മൈലിനു തുല്യമാണ്.