വോട്ടുചോദിച്ചോ പിരിവിനോ ആരും ഇങ്ങോട്ട് വരേണ്ട: തകർന്ന റോഡ് കാരണം സ്ഥാപനം പൂട്ടിയ വ്യാപാരിയുടെ സങ്കടക്കുറിപ്പ്
Friday, November 22, 2019 3:03 PM IST
തകർന്ന റോഡ് പുനർനിർമിക്കാതെ വന്നതോടെ തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്ന പ്രവാസി മലയാളി ആത്മരോഷത്തോടെ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ വൈറലായി.
റോഡിന്റെ മോശം അവസ്ഥ കാരണം എന്റെ സ്ഥാപനം അടച്ചു പൂട്ടിയ വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ആയതിനാൽ ഏതെങ്കിലും രാഷ്ടീയകക്ഷികൾ വോട്ടു ചോദിച്ചോ പിരിവിനോ എന്നെ സമീപിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് കുറിപ്പിട്ടിരിക്കുന്നത്.
എടവനക്കാട് വില്ലേജ് റോഡിൽ പടിഞ്ഞാറായി കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകൾ വിരിയിച്ചു കൊടുക്കുന്ന നെസ്റ്റ് എന്ന ഹാച്ചറിയുടെ ഉടമ എടവനക്കാട് വലിയാറ സിദ്ധിഖിനാണ് പഞ്ചായത്ത് അധികൃതർ റോഡ് പുനർനിർമിക്കാത്തതു മൂലം തന്റെ ഉപജീവനമാർഗമായ ഹാച്ചറി അടച്ചു പൂട്ടേണ്ടി വന്നത്.
വില്ലേജ് റോഡിൽ തെല്ലിക്കുളം പാലം കഴിഞ്ഞ് പടിഞ്ഞാറോട്ട് 100 മീറ്ററോളം റോഡ് തകർന്നിട്ട് മാസങ്ങളോളമായി . വീതികൂട്ടാനുള്ളതാണെന്ന് പറഞ്ഞാണ് ഇത് ശരിയാക്കാതെയിരിക്കുന്നത്. റോഡിന്റെ വീതികൂട്ടൽ ഒന്നുമാകാതെ നീണ്ടു പോയിട്ടും അറ്റകുറ്റപ്പണികളെങ്കിലും നടത്താൻ പഞ്ചായത്ത് അധികൃതർ കൂട്ടാക്കുന്നില്ല.
റോഡ് നിറയെ കുഴികൾ ഉള്ളതിനാൽ ഓട്ടോറിക്ഷകളും ഇങ്ങോട്ട് വരാതെയായി. ഇതോടെ റോഡിനു അൽപ്പം പടിഞ്ഞാറോട്ട് മാറി സ്ഥിതി ചെയ്യുന്ന ഹാച്ചറിയും ആളുകൾക്ക് അന്യമായി. വിരിയിക്കാൻ വേണ്ടി സ്വന്തം വാഹനങ്ങളിൽ കൊണ്ടു വരുന്ന മുട്ടകൾ റോഡിലെ ഗട്ടറിൽ ചാടി ഉടയുന്നതിനാൽ സ്വന്തം വാഹനങ്ങളിലും ഹാച്ചറിയിലേക്ക് ആളുകൾ എത്താതെയായി.
വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത സിദ്ധിഖ് ശിഷ്ടകാലം നാട്ടിൽ തങ്ങാൻ വേണ്ടിയാണ് കൈയ്യിലുള്ളതും 10 ലക്ഷം ബാങ്ക് വായ്പയുമെടുത്ത് ഹാച്ചറി തുടങ്ങിയത്. ഒപ്പം ഹോർമോണ് കുത്തിവയ്ക്കാത്ത കോഴികളുടെ വിപണനവും ആരംഭിച്ചിരുന്നു. പ്രളയം വന്നപ്പോൾ വൻ നഷ്ടം സംഭവിച്ചു. അതിൽ നിന്നും കരകയറി വന്നപ്പോഴാണ് ഇപ്പോൾ റോഡ് വില്ലനായത്.