മണ്ഡപത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക്; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിളമ്പി വധൂവരന്മാർ
Sunday, April 12, 2020 8:09 PM IST
താലികെട്ടു കഴിഞ്ഞ് ആശുപത്രിയിലെത്തി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിളമ്പി വധൂവരന്മാർ. പുറക്കാട് കരൂർ കൈരളിയിൽ ഷൗക്കത്തലി - ഷംല ദമ്പതികളുടെ മകളും ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആർഎംഒയുമായ ഡോ. ഷാലിമയുടെ വിവാഹമായിരുന്നു ഇന്നലെ. ഹോളണ്ടിൽ കപ്പലിൽ ക്യാപ്റ്റനായ കോഴിക്കോട് സ്വദേശി നുമാൻ കെ. ഇസത്തുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു. ലോക്ക് ഡൗൺ ആണെങ്കിലും വിവാഹം ഒഴിവാക്കിയിരുന്നില്ല.
രാവിലെ ഷാലിമയുടെ വസതിയിൽ ലളിതമായ ചടങ്ങിൽ വിവാഹം നടന്നു. ഇതിന് ശേഷമാണ് ഇരുവരും ഷൗക്കത്തലിക്കൊപ്പം മെഡിക്കൽ കോളജാശുപത്രിയിലെത്തി രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം വിളന്പി നൽകിയത്. ഇവിടെ ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഉച്ചഭക്ഷണം ഇന്നലെ സംഭാവനയായി നൽകിയത് ഷാലിമയായിരുന്നു.
വിവാഹം കഴിഞ്ഞെങ്കിലും ആരോഗ്യ വകുപ്പിലെ മുഖ്യ ചുമതലയുള്ളതിനാൽ അടുത്തദിവസം തന്നെ ജോലിയിൽ പ്രവേശിക്കുമെന്നും ഷാലിമ പറഞ്ഞു.