ആശ്വസിപ്പിക്കുന്ന പെൻഗ്വിനുകൾ..ഓഷ്യൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രം
Thursday, December 24, 2020 11:49 AM IST
ഓഷ്യാനോഗ്രാഫിക് മാസികയുടെ 2020 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകൾക്ക് ഒന്നാം സ്ഥാനം നേടിയ ചിത്രം ഹൃദയം കവരുന്നു. മെൽബണിലെ സെന്റ് കിൽഡ പിയറിൽ വിദൂരതയിലേക്ക് നോക്കി തോളിൽ കൈയ്യിട്ടിരിക്കുന്ന രണ്ട് പെൻഗ്വിനുകളുടെ ചിത്രമാണത്.
ടോബിയാസ് വിഷ്വൽസിലെ ടോബിയാസ് ബൗമാഗാർട്ട്നർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകർത്തിയത്. മെൽബൺ സ്കൈലൈനിനെ അഭിമുഖീകരിക്കുന്ന ഒരു പാറയിൽ ഇരിക്കുന്ന ഈ രണ്ട് പെൻഗ്വിനുകളും മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്ന് സമുദ്രത്തിൽ പ്രതിഫലിക്കുന്ന തിളക്കമാർന്ന വെളിച്ചത്തെ നോക്കി എന്തോ ചിന്തിച്ച് അവ ഇരുന്നു'. തോബിയാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
"ഞാൻ മുൻകൂട്ടി തീരുമാനിച്ച് എടുത്ത ഒന്നല്ല ഈ ചിത്രം. പെൻഗ്വിൻ കൂട്ടത്തിന്റെ ചിത്രങ്ങൾ എടുക്കാനാണ് ഞാൻ അവിടെ പോയത്. ഞാൻ അവയ്ക്കൊപ്പം മൂന്ന് രാത്രികൾ ചിലവഴിച്ചു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. അത് പകർത്താനും എനിക്ക് സാധിച്ചു'. അദ്ദേഹം പറഞ്ഞു.
"അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു സന്നദ്ധപ്രവർത്തകനിൽ നിന്ന് എനിക്ക് ലഭിച്ചു. ഇത് പ്രണയത്തിന്റെയും അനുകമ്പയുടെയും കഥയായിരുന്നു, ഇത് ലോകമെമ്പാടുമുള്ള നിരവധി ഹൃദയങ്ങളിൽ എത്തിച്ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്'. അദ്ദേഹം കുറിച്ചു.
"ആ സന്നദ്ധപ്രവർത്തകൻ എന്നോട് പറഞ്ഞു, വെളുത്തവൾ തന്റെ പങ്കാളിയെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ പെണ്ണാണ് എന്നും അടുത്തിരിക്കുന്ന ചെറുപ്പക്കാരനും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. അതിനുശേഷം അവർ പതിവായി ഇവിടെ ഇരുന്ന് പരസ്പരം ആശ്വസിപ്പിക്കുകയും അടുത്തുള്ള നഗരത്തിലെ വെളിച്ചത്തിന്റെ നൃത്തം ആസ്വദിക്കുകയും ചെയ്യുന്നു'. അദ്ദേഹം പറഞ്ഞു.
ചിത്രം എടുക്കുന്നതിനിടയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വെളിച്ചത്തിന്റെ പ്രശ്നമായിരുന്നു എന്ന് തോബിയാസ് പറഞ്ഞു. "ഈ പെൻഗ്വിൻ കോളനിയുടെ അടുത്ത് ലൈറ്റുകളൊന്നും അനുവദനീയമല്ല. അതിനാൽ ഈ ചിത്രം എടുക്കാൻ അടുത്തുള്ള നഗരത്തിൽ നിന്നും, തുറമുഖത്തുനിന്നും വന്ന നേരിയ പ്രകാശം മാത്രമായിരുന്നു ഉണ്ടായിരുന്നത്'. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.
മത്സരത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഇന്ത്യയിൽ നിന്നുള്ള ചിത്രവും ഉണ്ടായിരുന്നു. കബിനി വനത്തിലെ ബ്ലാക്ക് പാന്തറിന്റെ ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ അഞ്ച് വർഷകാലം എല്ലാ ദിവസവും 12 മണിക്കൂറോളം ഫോട്ടോഗ്രാഫർ ഷാസ് ജംഗ് പാന്തറിനെ പിന്തുടർന്നാണ് ഒടുവിൽ ആ ചിത്രം എടുത്തത്. വ്യൂബഗ്സ് സഫാരി വൈൽഡ്ലൈഫ് ഫോട്ടോ മത്സരത്തിൽ വിജയിച്ച മറ്റൊരു ശ്രദ്ധേയമായ ചിത്രം ഒരു അപൂർവ പുള്ളിപ്പുലി മരത്തിൽ വിശ്രമിക്കുന്നതായിരുന്നു.