സ്വച്ഛ്ഭാരത്..! മാമല്ലപുരം ബീച്ച് "അരിച്ചുപെറുക്കി' മോദി; പ്ലോഗിംഗ് വീഡിയോ
Saturday, October 12, 2019 11:45 AM IST
ചെന്നൈ: ശനിയാഴ്ച രാവിലെ ചെന്നൈ മാമല്ലപുരം ബീച്ചിൽ നടക്കാനിറങ്ങിയവർ ഞെട്ടി. കാരണമെന്താണന്നല്ലേ. പ്രധാനമന്ത്രി നരേന്ദ്ര മോദി കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കുന്നു. മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുക (പ്ലോഗിംഗ് ) യും അത് ഹോട്ടല്‍ ജീവനക്കാരന് നൽകുന്നതുമാണ് കാഴ്ച. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ നൽകുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്. ശനിയാഴ്ച രാവിലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
പ്ലോഗിംഗ്
ജോഗിംഗ് ചെയ്യുകയും അതോടൊപ്പം മാലിന്യം ശേഖരിക്കുകയും ചെയ്യുന്ന ഒരു വ്യായാമ പ്രവർത്തനമാണ് പ്ലോഗിംഗ്. 2016-ൽ സ്വീഡൻ കേന്ദ്രീകരിച്ച് ആരംഭിച്ച ഈ പ്രവർത്തനം മറ്റുരാജ്യങ്ങളിലേക്കും പ്രചരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലോഗിംഗ് പ്രചരിപ്പിക്കുന്നത്.
ഓട്ടത്തിനിടയിൽ വിവിധ ശരീരചലനങ്ങൾ ചെയ്യുകയും അതോടൊപ്പം വഴിയിലുള്ള മാലിന്യങ്ങൾ ശേഖരിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. എഴുത്തുകാരനായ ഡേവിഡ് സെഡാരിസ് വ്യായാമ ഓട്ടത്തിനിടയിൽ ഇങ്ങനെ മാലിന്യങ്ങൾ നീക്കുന്നതു ശീലമാക്കിയിരുന്നു. ഇതു വ്യാപക പ്രശംസ നേടി.