വഴി മുറിച്ചു കടന്നുകൊണ്ടിരുന്ന താറാവുകളെ മനഃപൂര്‍വം ഇടിച്ചു കൊന്ന വാന്‍ ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. ഇംഗ്ലണ്ടിലെ സ്റ്റോക് ഓണ്‍ ട്രെന്‍റ് പട്ടണത്തിലെ ട്രെന്താം എന്നയിടത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ദാരുണ സംഭവുണ്ടയത്.

ഏഴ് താറാവുകള്‍ റോഡ് മുറിച്ചുകടക്കുമ്പൊള്‍ എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ടു. എന്നാല്‍ അവിടേക്കെത്തിയ ഒരു വാന്‍ ആദ്യം നിര്‍ത്തുകയും പിന്നീട് താറാവുകളുടെ മുകളിലൂടെ ഓടിച്ചുകയറ്റുകയുമായിരുന്നു. മൂന്ന് താറാവ് കുഞ്ഞുങ്ങള്‍ അവിടെത്തന്നെ ചതഞ്ഞരഞ്ഞുപോയി.

മറ്റൊരു വാഹനത്തില്‍ അവിടെയുണ്ടായിരുന്ന സ്റ്റീവന്‍ വാലി എന്നയാള്‍ വാനിനെ പിന്തുടര്‍ന്ന് ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും തന്‍റെ പ്രവൃത്തിയില്‍ അയാള്‍ തെല്ലും കുറ്റബോധം കാണിച്ചില്ലത്രെ.


സ്റ്റീവന്‍ വാലി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഡ്രൈവറുടെ ക്രൂരതയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് പ്രതിഷേധവുമായെത്തിയത്.

ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും തങ്ങള്‍ ഡ്രൈവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായും സ്റ്റാഫോര്‍ഡ് ഷെയര്‍ പോലീസ് പറഞ്ഞു.