വൈറലായി ഗീതയുടെ വിസിറ്റിംഗ് കാർഡ്; അതിന് കാരണവുമുണ്ട്..
Monday, November 11, 2019 4:43 PM IST
ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി വിസിറ്റിംഗ് കാർഡുകൾ പുറത്തിറക്കാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ ഒരു വിസിറ്റിംഗ് കാർഡാണ് അൽപ്പം വ്യത്യസ്തമാകുന്നത്. കാരണം വീട്ടു ജോലികൾ ചെയ്യുന്ന ഗീത കാലെയുടേതാണ് ഈ കാർഡ്. ഇത്തരമൊരു കാർഡ് ഉണ്ടായതിന് പിന്നിലും ഒരു കഥയുണ്ട്.
പൂനെയിലെ ധനശ്രി ഷിൻഡെ എന്ന് പേരുള്ള ഒരു സ്ത്രീയുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് ഗീത. മറ്റ് പല സ്ഥലങ്ങളിലും ഗീത ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം തീർത്തും കുറവായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധനശ്രി കാണുന്നത് വിഷമിച്ചിരിക്കുന്ന ഗീതയെയാണ്. അവർ ഗീതയോട് കാരണമന്വേഷിച്ചു.
ജോലി കുറവാണെന്നും ഒരു മാസം 4,000ത്തിൽ കൂടുതൽ സമ്പാദിക്കുവാൻ കഴിയുന്നില്ലെന്നതുമായിരുന്നു ഗീതയുടെ വിഷമം. ഗീതയുടെ ബുദ്ധിമുട്ട് മനസിലാക്കിയ ധനശ്രിയുടെ മനസിലാണ് വിസിറ്റിംഗ് കാർഡെന്ന് ആശയം ഉരുത്തിരിഞ്ഞത്.
പാത്രം കഴുകലിന് 800 രൂപ, അടിച്ച് തുടയ്ക്കൽ 800, രൂപ, തുണയലക്കൽ 800 രൂപ, ചപ്പാത്തിയുണ്ടാക്കലിന് 1000 രൂപ എന്നിങ്ങനെയാണ് വിസിറ്റിംഗ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗീതയുടെ പ്രതിഫലം.
സൊസൈറ്റിയിലെ വാച്ച്മാന്റെ സഹായത്തോടെയാണ് ഗീത ഇതെല്ലാം സമീപത്തെ ഗ്രാമങ്ങളിൽ വിതരണം ചെയ്തത്. ഇപ്പോൾ ഗീതയ്ക്ക് തിരക്കോട് തിരക്കാണ്. പല സ്ഥലങ്ങളിൽ നിന്നും ഗീതയെ തേടി ഫോണുകോളുകൾ തുടർച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. കൂടാകെ ധനശ്രിയെ അഭിനന്ദിച്ചും നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.