സലീമിന്റെ രാമായണത്തിന് നൂറ്റാണ്ടുകളുടെ പഴക്കം
Thursday, July 16, 2020 5:36 PM IST
രാമായണ മാസാരംഭത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാമായണം കൈവശം വയ്ക്കുന്ന മുസ്ലിം യുവാവ് ശ്രദ്ധ നേടുന്നു. മഞ്ചേരി മുള്ളന്‍പാറ സ്വദേശി സലീം പടവണ്ണയുടെ കൈവശമാണ് താളിയോലകളിൽ എഴുത്താണി കൊണ്ട് വിരചിതമായ ഈ അമൂല്യ ഗ്രന്ഥമുള്ളത്.
പൗരാണിക വസ്തുക്കളോടുള്ള സലീമിന്റെ അഭിനിവേശം മനസിലാക്കിയ തൃശൂരിലെ ചരിത്ര സൂക്ഷിപ്പുകാരനായ പി.ആർ. ഗോപാലമേനോനാണ് ഈ അമൂല്യ ഗ്രന്ഥം സമ്മാനിച്ചത്. ഈ രാമായണത്തിന് പതിനഞ്ച് ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള ഇരുനൂറ് പേജുകളാണുള്ളത്.
രാമന്റെ അയനം അഥവാ യാത്രയാണ് രാമായണം. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി ഇരുപതിനായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചാണ് രാമായണം രചിച്ചത്.
രാമന്റെയും ഭരതന്റെയും കഥയിലൂടെ മഹത്തരമായ ധർമസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം നൽകുന്നത്. ബ്രഹ്മാവിന്റെ ഉപദേശ പ്രകാരമാണ് വാല്മീകി മഹർഷി അഞ്ഞൂറ് അധ്യായങ്ങളുള്ള രാമായണം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.