സ്മാര്‍ട് ഫോണുകളുടെ കുത്തൊഴുക്കോടെ ഫോട്ടോ എടുക്കുക എന്നത് പലരുടെയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറി. പ്രത്യേകിച്ച് സെല്‍ഫികള്‍.

സാഹസികമായ സെല്‍ഫിയെടുപ്പ് കാരണം പലര്‍ക്കും ജീവന്‍ നഷ്ടമായ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ടെങ്കിലും ചിലരെങ്കിലും ഇതില്‍നിന്നും പാഠം പഠിക്കാതെ ഈ പ്രവര്‍ത്തി തുടരുകയാണ്. ഇത്തരത്തിലുള്ള ഒരു അപകട സെല്‍ഫിയുടെ കാര്യം അടുത്തിടെ സുപ്രിയ സാഹു ഐഎഎസ് തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു.

വീഡിയോയില്‍ ഒരു റോഡിലായി നില്‍ക്കുന്ന ചില കൗമാരക്കാരെ കാണാം. അവര്‍ക്ക് പിന്നിലായി ഒരു കൂട്ടം ആനകള്‍ നില്‍ക്കുന്നുണ്ട്. അവര്‍ ആനകളെ ഫ്രെയിമില്‍ കിട്ടുന്ന രീതിയില്‍ സെല്‍ഫിയെടുക്കുകയാണ്.

ഇത് ശ്രദ്ധിച്ച് ആദ്യം തിരിഞ്ഞ് നടക്കുന്ന ആനകള്‍ പെട്ടെന്ന് ഇവര്‍ക്കരികിലേക്ക് ഓടി വരികയാണ്. കൂട്ടത്തില്‍ മിക്കവരും ഓടി മാറുമ്പോഴും ഒരു പയ്യന്‍മാത്രം വളരെ പതുക്കെയാണ് അവിടുന്നു മാറുന്നത്.

ഏതായാലും ആനകള്‍ അടുത്തെത്തിയ ശേഷം മറ്റൊരു വഴിയിലൂടെ കാട്ടിലേക്ക് കയറിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി. നിരവധി പേരാണ് ഇവരുടെ സെല്‍ഫി ഭ്രമത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.