വയസ് വെറും ഏഴ്, മുന്നിൽ ഭാരം 80 കിലോഗ്രാം; ഇനിയാണ് യഥാർഥ കുട്ടിക്കളി നടന്നത്
Monday, December 14, 2020 3:26 PM IST
80 കിലോ ഭാരം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഉയർത്തി നിൽക്കുന്ന പെൺകുട്ടി- സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ചിത്രമാണിത്. അമേരിക്കയിലെ ഒട്ടാവയിൽ നിന്നുള്ള റോറി വാൻ അൾഫിറ്റാണ് ചിത്രത്തിലെ താരം.
അമേരിക്കയിലെ വെയ്റ്റിംഗ് ലിഫ്റ്റിംഗിലെ അണ്ടർ 11, അണ്ടർ 13 യൂത്ത് നാഷണൽ ചാമ്പ്യൻപട്ടമാണ് റോറി കരസ്ഥമാക്കിയിരിക്കുന്നത്. 30 കിലോഗ്രാം വിഭാഗത്തിലാണ് റോറി മത്സരിച്ചത്.

80 കിലോഗ്രാം ഭാരം അനായാസമായി എടുത്തു ഉയർത്തുന്ന റോറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. ഏഴ് വയസേയുള്ളൂ റോറി വാൻ എന്ന കൊച്ചു മിടുക്കിക്ക്. എന്നാൽ ഈ ചെറിയ പ്രായത്തിനുള്ളിൽ റോറി നേടിയെടുത്ത റിക്കാർഡ് കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. ഒളിന്പിക്സിൽ വനിതകൾക്കാണ് 80 കിലോഗ്രാം വിഭാഗമുള്ളത്.
അഞ്ചാമത്തെ വയസുമുതൽ റോറി വെയ്റ്റിംഗ് ലിഫ്റ്റിംഗ് പരിശീലിക്കുന്നുണ്ട്. ആഴ്ചയിൽ നാലു മണിക്കൂറാണ് പരിശീലനം. കൂടെ ജിംനാസ്റ്റിക്സ് പരിശീലനവുമുണ്ട്. ജിംനാസ്റ്റിക്സാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് റോറി പറയുന്നു. സാധാരണ മത്സരത്തിൽ പങ്കെടുക്കുന്നവരെപ്പോലെ കൈയിൽ ടാറ്റു പതിപ്പിച്ചാണ് റോറിയുടെ പ്രകടനം. തനിക്ക് ടാറ്റു ഇഷ്ടമായതുകൊണ്ടാണ് അവ പതിപ്പിച്ചിരിക്കുന്നതെന്നാണ് റോറി പറയുന്നത്.

ഡിസ്നിലാൻഡിലേക്കുള്ള യാത്രയിലാണ് താത്കാലിക ടാറ്റു ചെയ്തത്. അമേരിക്കയിലെ യൂത്ത് നാഷണൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് റോറി. ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി റോറിയാണെന്നാണ് മാതാപിതാക്കൾ അവകാശപ്പെടുന്നത്.
പ്രത്യേക പരിശീലകനാണ് റോറിക്കുള്ളത്. അതുകൊണ്ട് ഇത്രയും ഭാരമെടുക്കുന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.