സെപ്റ്റംബർ 27: മൂന്നുതലമുറയുടെ ജന്മദിനം
Saturday, November 7, 2020 8:07 PM IST
2020 സെപ്റ്റംബർ 27. ഇംഗ്ലണ്ടിലെ ആരോ പാർക്ക് ആശുപത്രി ഒരു അപൂർവ ദിവസത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. അന്നായിരുന്നു ജാക്സന്റെ ജനനം. ആമി- സ്കോട്ട് ദന്പതികളുടെ മകനാണ് ജാക്സൺ.
ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ? ജാക്സന്റെ അമ്മ ആമിയും ആമിയുടെ അമ്മ വെൻഡിയും ജനിച്ചത് ഇതേ ദിവസമായിരുന്നു! 1965 സെപ്റ്റംബർ 27നായിരുന്നു വെൻഡിയുടെ ജനനം. 1982 സെപ്റ്റംബർ 27നായിരുന്നു ആമിയുടെ ജനനം. ഇവർ രണ്ടുപേരും മാസമാകുന്നതതിന് രണ്ടാഴ്ച നേരത്തെയാണ് ജനിച്ചത്.
ആമിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു ജാക്സന്റെ ജനനം. ജന്മദിന ദിവസത്തിന്റെ പകുതി വേദനയും പകുതി സന്തോഷവും നിറഞ്ഞതായിരുന്നെന്നായിരുന്നു ആമിയുടെ പ്രതികരണം. തന്റെ ജന്മദനത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ജാക്സണെന്നും ആമി സന്തോഷത്തോടെ പറയുന്നു. അടുത്ത ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആമിയുടെ കൂട്ടരും.