കുട്ടിക്കാലം എന്നതാണല്ലൊ ജീവിതത്തിന്‍റെ ഏറ്റവും നന്മയുള്ള ഏട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വന്നൊരു വീഡിയോ ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുകയാണ്.

മഹന്ത് ആദിത്യനാഥ് 2.0 എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ ഒരു വഴിയോരക്കച്ചവടക്കാരി തന്‍റെ ഉന്തുവണ്ടിയുമായി റോഡില്‍ നില്‍ക്കുന്നതാണുള്ളത്. അവര്‍ ഒരു കയറ്റത്തിന് താഴെയാണ് നില്‍ക്കുന്നത്.

ആ സ്ത്രീ തന്‍റെ ഉന്തുവണ്ടി പലതവണ മുകളിലേക്ക് കയറ്റാന്‍ ശമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഈ കാഴ്ച കണ്ട് നിരത്തിലൂടെ മുതിര്‍ന്ന പലരും പോകുന്നുണ്ടെങ്കിലും അവരാരും സഹായിക്കാന്‍ മുതിരുന്നില്ല.

എന്നാല്‍ അവിടേക്ക് രണ്ട് സ്കൂള്‍ കുട്ടികള്‍ എത്തുകയാണ്. യൂണിഫോമും ബാഗുമൊക്കെ ഇട്ടിരിക്കുന്ന അവര്‍ ഈ കച്ചവടക്കാരിയെ സഹായിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവിലാ കൊച്ച് ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സഹായത്തോടെ അവര്‍ ഉന്തുവണ്ടി മുകളിലെത്തിക്കുകയാണ്.

മാത്രമല്ല അവര്‍ ഈ കുട്ടികള്‍ക്ക് ഓരോ പഴം സ്നേഹ സമ്മാനമായി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഏതായാലും ഈ കുട്ടികളുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ രംഗത്തെത്തി. മുതിര്‍ന്നവരുടെ സ്വാര്‍ഥതയെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.