ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വെള്ളച്ചാട്ടം; വൈറല്‍ വീഡിയോ
Wednesday, August 10, 2022 10:38 AM IST
രാജ്യം അതിന്റെ 75-ാം സ്വതന്ത്ര വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയാണല്ലൊ. നിരവധി രീതികളിലാണ് ആളുകള്‍ സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിക്കാന്‍ ഒരുങ്ങുന്നത്. ആഘോഷത്തിന്റെ ഭാഗമായി 13 മുതല്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് നേരത്തെ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരുന്നു.
ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കി മാറ്റിയിട്ടുമുണ്ട്. എന്നാലിപ്പോള്‍ ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരു വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്.
ദേശീയ പതാകയുടെ നിറം ഉളവാക്കിയ ഈ വെള്ളച്ചാട്ടം രാജസ്ഥാനിലെ ജോധ്പൂരിലാണുള്ളത്. 2020 ലെ സ്വാതന്ത്ര്യാഘോഷവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കുറച്ചാളുകള്‍ ഒരുക്കിയതായിരുന്നിത്.
റോസ്റ്റ് ആന്‍ഡ് റം മീഡിയ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ കുറച്ചാളുകള്‍ വെള്ളച്ചാട്ടത്തിനടുത്ത് നില്‍ക്കുകയാണ്. വെള്ളച്ചാട്ടത്തിന് മുകളില്‍ നില്ക്കുന്ന രണ്ട് യുവാക്കള്‍ കുങ്കുമ നിറവും പച്ച നിറവും വെള്ളത്തിലേക്ക് ഒഴിക്കുകയാണ്.
ഫലത്തില്‍ ഇത് ത്രിവര്‍ണ പതാകയിലെ നിറങ്ങളായി താഴെ നില്‍ക്കുന്നവര്‍ക്ക് കാണാനാകും. സാരെ ജഹാന് സെ അച്ചാ എന്ന ഗാനത്തോടൊപ്പമുള്ള ഈ ദൃശ്യങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. ഏതായാലും ഈ വീഡിയോ ഒരിക്കല്‍ക്കൂടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.