പിഴ അടയ്ക്കണമെന്ന് പോലീസ്; പിഴപ്പുസ്തകം തട്ടിപ്പറിച്ച് യുവാക്കൾ ഓടി
Wednesday, September 18, 2019 10:34 AM IST
ഗുജറാത്തിലെ അഹമ്മദാബാദിൽ ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിച്ച് പിടിയിലായ ബൈക്ക് യാത്രക്കാർ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു. പുതിയ വാഹനനിയമത്തിലെ കനത്ത ശിക്ഷയിൽനിന്നും രക്ഷപെടാനായിരുന്നു യുവാക്കൾ രസീത് ബുക്കും തട്ടിയെടുത്ത് കടന്നത്. എന്നാൽ ഇരുവരേയും പോലീസ് ഉടൻ തന്നെ പിടികൂടുകയും രസീത് ബുക്ക് തട്ടിയെടുത്തതിന് ഉൾപ്പെടെ കേസെടുക്കുകയും ചെയ്തു.
കരഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന വിക്ടോറിയ ഗാർഡനിലായിരുന്നു സംഭവം. ഗൗരംഗ് വോറ, ഗിരിഷ് പർമാർ എന്നിവരാണ് പോലീസിന്റെ രസീതുമായി രക്ഷപെടാൻ ശ്രമിച്ചത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഇരുവരെയും ട്രാഫിക് പോലീസുകാരനായ ദിപ്സിംഗ് തടഞ്ഞുനിർത്തി. ഹെൽമെറ്റ് ധരിക്കാത്തതിനു പിഴ അടയ്ക്കണമെന്ന് ദിപ്സിംഗ് ആവശ്യപ്പെട്ടു. ഗൗരംഗ് വോറയും ഗിരിഷ് പർമാറും പണമടയ്ക്കാൻ തയാറായില്ല. വാക്കേറ്റത്തിനൊടുവിൽ യുവാക്കൾ പോലീസുകാരന്റെ കൈയിൽനിന്നും ബുക്ക് തട്ടിയെടുത്ത് ഓടുകയായിരുന്നു.
എന്നാൽ ഇരുവരേയും ഉടൻ തന്നെ പിടികൂടാൻ പോലീസിനായി. ഇവർക്കെതിരെ മോഷണശ്രമം, ഔദ്യോഗകൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി കേസെടുത്തു.