വിഷു... എടാ വിഷുവേ.. ഇങ്ങനെ വിളിച്ചാല്‍ ആര് വിളികേള്‍ക്കാനാണ്. ആരെങ്കിലും വിഷുവെന്ന് പേരിടുവോ എന്നാണ് ചിന്തിച്ചതെങ്കില്‍ തെറ്റി. എറണാകുളം ആരക്കുന്നം സ്വദേശി വിഷു പോള്‍ പക്ഷേ വിളികേള്‍ക്കും.

കണിക്കൊന്നയും കണിയും കൈനീട്ടവുമായി മലയാളിക്ക് വിഷു ഉത്സവമാണെങ്കിലും വിഷു പോളിന് തന്‍റെ പേരാണ് വിഷു. വിഷുവിന്‍റെ അന്നാണ് ജനിച്ചതെങ്കിലും പേര് വന്നതിന്‍റെ പിന്നില്‍ മറ്റൊരു കഥയാണ്.

കരിങ്ങാച്ചിറയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു വിഷുവിന്‍റെ പ്രാഥമിക വിദ്യാഭാസം. ഈ കാലഘട്ടത്തില്‍ പേര് ഷിബു വി. പൗലോസ് എന്നായിരുന്നു. പിതാവ് വി.ജെ. പൗലോസ് പിന്നീട് ആരക്കുന്നത്തേക്ക് സ്കൂള്‍ മാറ്റിയപ്പോഴാണ് വിഷുവെന്ന പേര് ജനിക്കുന്നത്.

വിഷുവിന് ജനിച്ച കുട്ടിയെന്ന് പിതാവ് പറഞ്ഞത് പ്രധാന അധ്യാപകന്‍ വിഷുവാണ് കുട്ടിയുടെ പേരെന്ന് തെറ്റിദ്ധരിച്ച് കേട്ടതാണ് രജിസ്റ്ററില്‍ ഈ പേര് പതിയാന്‍ കാരണം. എഴുതിയത് മാറ്റിയെഴുതേണ്ടായെന്ന് പറഞ്ഞ് പിതാവ് പേരിന്‍റെ വാലായിക്കിടന്ന പൗലോസിനെ പരിഷ്കരിച്ച് പോള്‍ എന്നും കൂടെയാക്കി മാറ്റി. അങ്ങനെയാണ് ഷിബു വി. പൗലോസ് വിഷു പോളായി മറിയത്. ഇന്നും കരിങ്ങാച്ചിറയിലുള്ള പഴയ സുഹൃത്തുക്കള്‍ ഷിബു എന്നാണ് വിളിക്കുന്നതെന്ന് വിഷു പറയുന്നു.

ദോഷങ്ങളും ഗുണങ്ങളും

ഈ പേരുകൊണ്ട് ഒരുപാട് ദോഷങ്ങളും ഗുണങ്ങളും ഈ അമ്പത്തിമൂന്നുകാരനുണ്ടായിട്ടുണ്ട്. റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്ഥിരം വിഷുവിന് പകരം വിഷ്ണു എന്നാണ് പേര് എഴുതുക. ഇംഗ്ലീഷില്‍ വിഷ്ണുവെന്ന് എഴുതിയപ്പോള്‍ തെറ്റി വിഷുവെന്നായിപ്പോയി എന്നാണ് അവരുടെ വിചാരം.


എട്ടിന്‍റെ പണികിട്ടിയത് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയപ്പോഴാണ്. അതിലും വിഷ്ണുവെന്നായിരുന്നു പേര്. പിന്നീട് പേര് മാറ്റുവാന്‍ അതിന് പിറകേ നടക്കേണ്ടി വന്നു.

16 വര്‍ഷം സൗദി അറേബ്യയിലായിരുന്ന വിഷു ജോലിയുടെ ഭാഗമായി പല രാജ്യത്തുള്ളവരുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം പേര് ഒരു പൊല്ലാപ്പായിരുന്നു. ആരും കൃത്യമായി പേര് വിളിക്കാറില്ല. കര്‍ണാടകയില്‍ വിശ്വനാഥ് എന്ന പേര് ചുരുക്കി വിഷുവെന്ന് വിളിക്കുന്നതുകൊണ്ട് അവിടെ പഠിക്കുന്ന കാലത്ത് പേര് ഒരു പൊല്ലാപ്പായില്ല. പേരിലെ കൗതുകം കാരണം പരിചയപ്പെട്ട് സുഹൃത്തുക്കളായി മാറിയ സെലിബ്രിറ്റികളും വിഷുവിനുണ്ട്.

കേരളത്തില്‍ ഈ പേരിലുള്ള ആരേയും പരിചയപ്പെട്ടിട്ടില്ല. പക്ഷേ കൊല്‍ക്കത്തയില്‍ വച്ച് ഇതേ പേരിലുള്ള ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടിട്ടുണ്ട് വിഷു. വ്യത്യസ്തമായ പേരായതുകൊണ്ട് ഒരുതവണ പരിചയപ്പെടുന്ന ആളുകള്‍വരെ പിന്നീട് തന്നെ മറക്കില്ലെന്നും സൗഹൃദം കാത്തുസൂക്ഷിക്കുകയും ജന്മദിനാശംസകള്‍ നേരുകയും ചെയ്യാറുണ്ടെന്നും വിഷു പറയുന്നു.

ഏഴുവര്‍ഷമായി ന്യൂസിലന്‍ഡില്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ പ്രോജക്റ്റ് മാനേജരായിട്ട് ജോലി ചെയ്യുകയാണ് വിഷു. ഭാര്യ സുനിത പോള്‍. ഇരട്ടക്കുട്ടികളായ സാറ പോളും മരിയ പോളുമാണ് മക്കള്‍.

അരുൺ ടോം