"കടല്‍ കടന്നൊരു കാമുകി’; സിനിമയെ വെല്ലുന്ന പ്രണയ കഥ
Thursday, June 2, 2022 4:49 PM IST
പ്രണയിക്കുമ്പോള്‍ ഏഴാം കടലിനുമപ്പുറത്ത് നിന്നു വരുന്ന ഇണയെ കുറിച്ച് പറയാത്ത കാമുക ഹൃദയങ്ങളുണ്ടാകില്ല. എന്നാല്‍ അക്ഷരാര്‍ഥത്തില്‍ അത് ചെയ്തിരിക്കുകയാണ് കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ തന്‍റെ കാമുകനെ കാണാനായി നദിയിലൂടെ ഒരുമണിക്കൂറോളം നീന്തുകയായിരുന്നിവര്‍. 22കാരിയായ കൃഷ്ണ ഇന്ത്യയില്‍ നിന്നുള്ള കാമുകന്‍ അഭിക് മണ്ഡലിനെ വിവാഹം കഴിക്കാന്‍ രാജ്യ അതിര്‍ത്തി കടക്കുകയായിരുന്നു.
റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബനിലെ വനങ്ങളെ ധൈര്യപൂര്‍വം മറികടന്നാണ് യുവതി തന്‍റെ പ്രിയതമന്‍റെ അടുത്തെത്തിയത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കോല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച് കൃഷ്ണയും അഭിക്കും വിവാഹിതരായി. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്നാണ് സൂചന.
ഏതായാലും കൃഷ്ണയുടെ പ്രണയ തീവ്രതയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.