ഭർത്താവിന് വൃത്തിയില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
Thursday, January 16, 2020 2:45 PM IST
കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ബീഹാറിലെ വൈശാലി ജില്ലയിലെ പാറ്റ്ന സ്വദേശിനിയായ 20കാരി സോണി ദേവിയാണ് വൃത്തിയില്ലാത്ത ഭർത്താവിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന കാരണത്താൽ വിവാഹമോചനം ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷനെ സമീപിച്ചത്.
പ്ലംബറായ മനീഷ് എന്നയാളാണ് സോണി ദേവിയുടെ ഭർത്താവ്. 2017ലാണ് ഇരുവരും വിവാഹിതരായത്. തുടർച്ചയായി 10 ദിവസം വരെ ഇയാൾ കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാറില്ല. ഇയാൾ അടുത്ത് വരുമ്പോൾ അസഹ്യമായ ദുർഗന്ധമാണ്. അതിനാൽ വിവാഹമോചനത്തിന് ആഗ്രഹിക്കുന്നതായി സോണി പരാതിയിൽ വ്യക്തമാക്കി.
യുവതിയുടെ പരാതിയിന്മേൽ വനിത കമ്മീഷൻ യുവാവിന് രണ്ട് മാസത്തെ സമയം അനുവദിച്ച് നൽകിയിട്ടുണ്ട്. മനീഷ് ജീവിത രീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ വിവാഹമോചന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. അല്ലെങ്കിൽ കുടുംബ കോടതിയെ സമീപിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുമെന്ന് മനീഷ് വ്യക്തമാക്കി.