"50 വയസുള്ള ഒരു സുന്ദരനെ വേണം': അമ്മയ്ക്ക് വരനെ തേടി മകളുടെ ട്വീറ്റ്, കൂടെ കുറച്ച് നിബന്ധനകളും..
Sunday, November 3, 2019 3:39 PM IST
മക്കൾക്ക് അനുയോജ്യമായ വധുവിനെ അല്ലെങ്കിൽ വരനെ തെരഞ്ഞ് മാതാപിതാക്കൾ വിവാഹ പരസ്യം നൽകാറുണ്ട്. എന്നാൽ തന്റെ അമ്മയ്ക്ക് വരനെ ആവശ്യപ്പെട്ടുകൊണ്ടുള്ള മകളുടെ കുറിപ്പാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
നിയമ വിദ്യാർഥിനിയായ ആസ്താ വർമയാണ് തന്റെ അമ്മയക്ക് അനുയോജ്യനായ വരനെ അന്വേഷിക്കുന്നത്. ട്വിറ്ററിലാണ് ആസ്താ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവച്ചത്. അമ്മക്കൊപ്പമുള്ള ചിത്രവും ആസ്താ പങ്കുവച്ചിട്ടുണ്ട്.
"50 വയസുള്ള ഒരു സുന്ദരനെ അമ്മയ്ക്കു വേണ്ടി തിരയുന്നു. വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം'. ഇവയെല്ലാമാണ് നിബന്ധനകൾ. ആസ്തയുടെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ട്വീറ്റിന് മറുപടിയുമായി ആയിരക്കണക്കിനാളുകൾ രംഗത്തെത്തിയിട്ടുണ്ട്.