വീട് വിറ്റ് ബോട്ട് വാങ്ങി ദന്പതികൾ; പക്ഷെ ഓടിക്കാനറിയില്ല!
Monday, January 18, 2021 10:44 PM IST
വീട് വിറ്റ് വലിയ വാഹനം വാങ്ങി അത് വീടുപോലെ മാറ്റിയെടുത്തവരുടെ കഥകൾ നേരത്തെയും വൈറലായിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്നവർ യാത്ര ചെയ്യാനും കിടക്കാനുമായി വാഹനത്തെ മാറ്റുന്നത് ഇന്നൊരു പുതിയ സംഭവമല്ല. എന്നാൽ വീട് വിറ്റിട്ട് താമസിക്കാൻ വേണ്ടി ബോട്ട് വാങ്ങിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ?
യുകെ സ്വദേശികളായ റോസും കാളുമാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം നാലു കോടി രൂപയ്ക്കാണ് ഇപ്പോൾ താമസിച്ചുകൊണ്ടിക്കുന്ന വീട് ഇവർ വിറ്റത്. മൂന്നു കോടിയിലധികം മുടക്കിയാണ് ബോട്ട് വാങ്ങി തങ്ങളുടെ അഭിരുചിക്കനുസരിച്ച് അതിനെ മാറ്റിയെടുക്കുന്നത്.
"ബോട്ടിൽ പോയി ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനെക്കുറിച്ച് കാൾ ഇടയ്ക്ക് പറയുമായിരുന്നു. ലോക്ക്ഡൗൺ വന്നതോടെ വ്യത്യസ്തമായി ജീവിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങി. ഒടുവിൽ ബോട്ട് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു'- റോസ് പറഞ്ഞു
ഇതിൽ ഏറെ രസകരം ജീവിതത്തിൽ ഇതുവരെ ഇരുവരും ഒരു ബോട്ടിൽപോലും കയറിയിട്ടില്ലെന്നുള്ളതാണ്. മാത്രമല്ല, ബോട്ട് ഓടിക്കാനും അറിയില്ല. ഏതായാലും പുതിയ ജീവിതം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.