കർട്ടൻ ഉടുത്ത് വിദ്യാർഥിനിയുടെ പരീക്ഷ; കാരണം വിചിത്രം
Saturday, September 18, 2021 5:36 AM IST
അസം കാർഷിക സർവകലാശാലയിലേക്കുള്ള എൻട്രൻസ് പരീക്ഷയെഴുതാനെത്തിയതായിരുന്നു ജൂബിലി തമുലി. ഷോർട്ട് ധരിച്ചായിരുന്നു പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയത്. പക്ഷെ ഷോർട്ടസ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിയെ പരീക്ഷാ ഹാളിൽ കയറ്റാതെ തടഞ്ഞു.
മാന്യമായ വസ്ത്രം ധരിച്ചെങ്കിൽ മാത്രമേ പരീക്ഷാ ഹാളിൽ കയറ്റൂ എന്ന് അധികൃതർ പറഞ്ഞതായി വിദ്യാർഥിനി ആരോപിക്കുന്നു. ഒടുവിൽ ഷോർട്ട്സിന് മുകളിൽ കർട്ടൻ ഉടുത്താണ് പരീക്ഷയെഴുതിയത്.
‘പരീക്ഷയ്ക്ക് ആവശ്യമായ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ ഇവയെല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. എന്നാൽ പരീക്ഷ നടക്കുന്ന മുറിയിലേക്ക് കയറാൻ എന്നെ അനുവദിച്ചില്ല. കാര്യം ചോദിച്ചപ്പോൾ ഷോർട്ട്സ് പോലുമുള്ള ചെറിയ വസ്ത്രം ധരിച്ച് ഹാളിൽ പ്രവേശനമില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഒരു നിർദേശം ഹാൾ ടിക്കറ്റിൽ ഇല്ലായിരുന്നു.
എന്താണ് ഷോർട്സിന്റെ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. പക്ഷേ അതിന് അവർക്ക് മറുപടി ഇല്ല. അവർ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ പാന്റ് വാങ്ങാൻ ഞാൻ അച്ഛനെ പറഞ്ഞുവിട്ടു. അച്ഛൻ മടങ്ങി വരുന്നത് വരെ കർട്ടൻ ഉടുത്താണ് ഞാൻ പരീക്ഷ എഴുതിയത്.’ പെൺകുട്ടി പറയുന്നു.