ജീവനെടുക്കുന്ന ട്രെഡ്മിൽ; മുന്നറിയിപ്പുമായി സേഫ്റ്റി കമ്മീഷൻ
Monday, April 19, 2021 7:15 PM IST
വ്യായാമം ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിനായിട്ടാണ്. രാവിലെയോ വൈകിട്ടോ ഉള്ള ഓട്ടം മികച്ച വ്യായാമമാണ്. ചിലർ വീടിന്റെ പരിസരമോ അല്ലെങ്കിൽ മൈതാനമോ ആണ് വ്യായാമം ചെയ്യുന്നതിനായി തെരഞ്ഞെടുക്കുന്നത്. അതിനുള്ള സൗകര്യം കുറവുള്ളവരാണെങ്കിൽ വ്യായാമം ചെയ്യുന്നതിനായി വിവിധ ഉപകരണങ്ങൾ ഉപയോഗിക്കും. അത്തരത്തിൽ സുപരിചിതമായ ഒരു ഉപകരണമാണ് ട്രെഡ്മിൽ. എന്നാൽ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ട്രെഡ്മിൽ ജീവനെടുത്താലോ?
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രെഡ്മില്ലിൽ ഒരു കൊച്ചു പെൺകുട്ടി വ്യായാമം ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. അപ്പോഴാണ് പന്തുമായി ഒരു ആൺകുഞ്ഞ് അതിനടുത്തെത്തിയത്. കുഞ്ഞിന്റെ കൈയിൽ നിന്നുതാഴെ വീണ പന്ത് ട്രെഡ്മില്ല് അതിനടിയിലേയ്ക്ക് മെഷീൻ വലിച്ചെടുത്തു.
പന്ത് എടുക്കാനായി കുഞ്ഞ് അതിനടിയിലേയ്ക്ക് കൈകൾ കയറ്റിയതും പന്തിനൊപ്പം കൈകളും ഒപ്പം കുഞ്ഞിനെയും മെഷീൻ അടിയിലേയ്ക്ക് വലിച്ചെടുത്തു. പക്ഷെ കുഞ്ഞ് അത്ഭുതകരമായ അതിനടിൽ നിന്നു രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. യുഎസിൻ ഇത്തരം 39 സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തതായി യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ പറഞ്ഞു.
ഇതിൽ 23 സംഭവങ്ങളും കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ട്രെഡ്മില്ലിൽ കുടുങ്ങി ഒരു കുട്ടി മരിച്ചിട്ടുമുണ്ടെന്ന് യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ വ്യക്തമാക്കി. കുട്ടികളോ വളർത്തുമൃഗങ്ങളോ അടുത്തുണ്ടെങ്കിൽ ഇത്തരം വ്യായാമ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഉടൻ നിർത്തണമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.