തലച്ചോറിരിക്കുന്നത് നെഞ്ചിൽ! 30 മസിലുകൾ, അഞ്ചടി പൊക്കം; റോബോട്ടുകളിലെ "ഐഫോണായ' അപ്പോളോ
വെബ് ഡെസ്ക്
സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ എന്തിരൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചിട്ടി റോബോട്ട് അടുക്കളയിൽ കയറി ഭക്ഷണുമുണ്ടാക്കുന്നതും, ഷൂ പോളിഷ് ചെയ്യുന്നതും ഉൾപ്പടെയുള്ള വീട്ടുജോലികൾ ചെയ്യുന്നത് നാം കണ്ടു. ശരിക്കും ഇതുപോലൊരു റോബോട്ട് വന്നാൽ എങ്ങനെയിരിക്കും.

റോബോട്ടിക്ക് സാങ്കേതികവിദ്യാ മേഖല ഓരോ ദിവസവും അതിന്‍റെ മികവ് വർധിപ്പിക്കുന്നതിനാൽ ഇത് വെറും സ്വപ്നമായി അവശേഷിക്കില്ല എന്ന് ഏവർക്കും ഉറപ്പാണ്. ആ സ്വപ്നം സത്യമായി എന്ന് വ്യക്തമാക്കുന്ന വാർത്തയാണ് യുഎസിലെ ഓസ്റ്റിനിൽ നിന്നും വരുന്നത്.

റോബോട്ടിക്ക് സ്റ്റാർട്ടപ്പായ ആപ്പ്ട്രോണിക്ക് വികസിപ്പിച്ച ഹ്യൂമനോ‌യിഡ് റോബോട്ടാണ് വാർത്തയിലെ താരം. ബുധനാഴ്ച അവതരിപ്പിച്ച റോബോട്ടിന് അപ്പോളോ എന്നാണ് പേര്. അഞ്ചടി എട്ടിഞ്ച് ഉയരവും 76.2 കിലോ​ഗ്രാം തൂക്കവുമുള്ള റോബോട്ടിനെ വയർഹൗസ് ജോലികൾ ഉൾപ്പടെ ചെയ്യാൻ സാധിക്കും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒറ്റയടിക്ക് 25 കിലോ​ഗ്രാം വരെ ഭാ​രം ഉയർത്താൻ ശേഷിയുള്ള അപ്പോളോ തുടർച്ചയായി 22 മണിക്കൂർ വരെ ജോലി ചെയ്യും.

ഹൈഡ്രോളിക്ക് സാങ്കേതികവിദ്യയ്ക്ക് പകരം ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുന്നത് എന്നാണ് ഏക പോരായ്മ. ഓരോ നാലു മണിക്കൂർ കൂടുമ്പോഴും ബാറ്ററി മാറ്റിക്കൊണ്ടിരിക്കണം. മനുഷ്യന് ചെ‌യ്യാൻ ബുദ്ധിമുട്ടുള്ള അപകടകരവും പ്രയാസമേറിയതുമായ ജോലികൾ ചെയ്യുന്നതിനും അപ്പോളോയ്ക്ക് സാധിക്കും.

റോബോട്ടിന്‍റെ "തലച്ചോർ' എന്ന് വിശേഷിപ്പിക്കാവുന്ന സിപിയു അപ്പോളോയുടെ നെഞ്ചിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. മനുഷ്യരെ ഉൾപ്പടെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക ക്യാമറയാണ് റോബോട്ടിന്‍റെ കണ്ണായി പ്രവർത്തിക്കുക.

മനുഷ്യന് നിലനിൽക്കാൻ കഴിയാത്ത പ്രതികൂല കാലാവസ്ഥയിൽ പോലും അപ്പോളോ കൃത്യമായി പ്രവർത്തിക്കും. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഹ്യൂമൻ സെന്‍റേർഡ്
റോബോട്ടിക്സ് ലാബിലെ ടീമം​ഗങ്ങളായിരുന്നവർ ചേർന്നാണ് ആപ്പ്ട്രോണിക്ക് എന്ന സ്റ്റാർട്ടപ്പ് 2016ൽ ആരംഭിക്കുന്നതും അപ്പോളോ എന്ന റോബോട്ട് വികസിപ്പിക്കുന്നതും.

ഭൂമിയിലെ ഒരുവിധപ്പെട്ട എല്ലാ ജോലികളും ചെയ്യാൻ അപ്പോളോയെ പ്രാപ്തമാക്കുക എന്നതിന് പുറമേ വേണ്ടി വന്നാൽ ഒരു ദിവസം ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അയയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് ആപ്പ്ട്രോണിക്ക് സിഇഒയും സഹസ്ഥാപകനുമായ ജെഫ് കാർഡെനാസ് പറയുന്നു.

സാധാരണ ഹ്യൂമനോയിഡ് റോബോട്ടുകളെക്കാൾ ഏറെ പ്രത്യേകതകളുള്ള അപ്പോളോ റോബോട്ടുകളിലെ "ഐഫോൺ' ആയിരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. മനുഷ്യ ശരീരത്തിൽ 300 മസിലുകളാണുള്ളതെങ്കിൽ അപ്പോളോയിൽ 30 എണ്ണമാണുള്ളത്.



കൈകാലുകൾ, കഴുത്ത്, ഇടുപ്പ് എന്നിവിടങ്ങൾ ചലിപ്പിക്കുന്നതിനായി മസിലുകളുടെ രൂപത്തിൽ പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണിവ. ഏത് സാഹചര്യത്തിലും കൃത്യമായി പ്രവർത്തിക്കാൻ കഴിവുള്ള സെൻസറുകളാണ് അപ്പോളോയിലുള്ളത്. നിലവിൽ വെയർ ഹൗസ് ജോലികളിൽ കേന്ദ്രീകരിക്കുന്ന ജോലികളാണ് ഇവ ചെയ്യുന്നതെങ്കിലും പാചകം ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യും വിധമുള്ള അപ്ഡേഷൻ അപ്പോളോയുടെ പ്രോഗ്രാമിൽ വരുത്തുമെന്നാണ് സൂചന.

കമ്പനി പുറത്ത് വിട്ട റോബോട്ടിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമത്തിലടക്കം വൈറലായിക്കഴിഞ്ഞു. അപ്പോളോയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ബുധനാഴ്ച യൂട്യൂബിൽ വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.