വിവാഹവേദിയിലേക്ക് വധു ട്രാക്ടറിൽ! പൊളിയെന്ന് സോഷ്യൽ മീഡിയ
Wednesday, June 1, 2022 7:10 PM IST
കാറിലും രഥത്തിലുമൊക്കെ വധൂവരൻമാർ വിവാഹവേദിയിലേക്ക് എത്തുന്നതും ഇപ്പോൾ ഓൾഡ് ഫാഷനായിരിക്കുകയാണ്. ട്രാക്ടറാണ് പുതിയ ട്രെൻഡെന്നാണ് സോഷ്യൽ മീഡിയ ലോകവും പറയുന്നത്. മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിൽ വധു എത്തിയത് ട്രാക്ടറിലാണ്.
മധ്യപ്രദേശിലെ ബേതുൾ ജില്ലയിലെ ജാവ്റ ഗ്രാമത്തിൽ മേയ് 26നാണ് വിവാഹം നടന്നത്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിന്റെ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഭാരതി ടാഗ്ഡെ എന്ന പെൺകുട്ടിയാണ് തന്റെ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്.
ഭാരതി ഓടിക്കുന്ന ട്രാക്ടറിന്റെ രണ്ട് വശങ്ങളിലായി അവരുടെ സഹോദരൻമാരും ഉണ്ട്. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലാണ് വധുവിന്റെ എൻട്രി. വിവാഹത്തിനെത്തിയവർക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.