സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി; സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം
Wednesday, January 18, 2023 3:41 PM IST
രാഷ്ട്രീയം ചിലപ്പോളെങ്കിലും നാടകമായി മാറുന്നു എന്നാണ് പലരും വിമര്‍ശിക്കാറ്. അത് ശരിവയ്ക്കും വിധത്തില്‍ പലരും പെരുമാറാറുമുണ്ട്. ഇപ്പോളിതാ ഒരു മന്ത്രി സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിയതാണ് നെറ്റിസണ്‍ ചര്‍ച്ചയാക്കുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വിദ്യാഭ്യാസ സഹമന്ത്രി പ്രഫുല്‍ പന്‍ഷെരിയാണ് വൃത്തിഹീനമായ ശുചിമുറികള്‍ കഴുകി വൃത്തിയാക്കിയത്. സ്‌കൂളില്‍ അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി അധ്യാപകര്‍ക്ക് മാതൃക നല്‍കിയതെന്നാണ് നടപടിയേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഈ പ്രവര്‍ത്തി സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.
നിരവധിപേര്‍ ഭിന്നാഭിപ്രായങ്ങളുമായി എത്തി. നല്ല മാതൃക എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയ നാടകമെന്ന് മറ്റ് ചിലര്‍ പറഞ്ഞു. ഏതായാലും ശുചിമുറിയിലെ വൃത്തിക്കുറവിനാല്‍ സ്‌കൂളിന്‍റെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതായാണ് വിവരം.