തോക്കുമായി വനിതാ പോലീസിന്റെ ഇൻസ്റ്റഗ്രാം റീൽ; വൈറലായതോടെ പണി പാളി
Sunday, September 5, 2021 6:47 AM IST
ടിക്ക് ടോക്ക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ എണ്ണം ഉയർന്നു. പല റീലുകളും വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. തോക്കുമായി ഇൻസ്റ്റഗ്രാം റീൽ ചെയ്ത പോലീസുകാരിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്.
ഒടുവിൽ യുപിയിൽ വനിതാ പോലീസ് കോൺസ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടർന്ന് വൻതോതിലുള്ള വിമർശനം പ്രിയങ്കയ്ക്കു നേരെ ഉണ്ടായി. ഇതോടെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ച് പ്രിയങ്കയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും പൊലീസിനെതിരെ രംഗത്തെത്തി. ഇതോടെയാണ് സർക്കാർ കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.