സ്കൂളിലേക്ക് ഒറ്റക്കാലിൽ ഒരുകിലോമീറ്റർ! വീഡിയോ വൈറൽ
Wednesday, May 25, 2022 9:33 PM IST
ഒരുകാല് മാത്രമുള്ള ഒരു പത്തുവയസുകാരിയുടെ സ്കൂൾ യാത്ര വൈറലാകുന്നു.ബിഹാറിലെ ജമുയി ജില്ലയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സീമ എന്നാണ് പെൺകുട്ടിയുടെ പേര്.
രണ്ടുവര്‍ഷം മുന്‍പു നടന്ന ഒരു അപകടത്തേ തുടര്‍ന്നാണ് സീമയുടെ ഒരുകാല് മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാല്‍ പഠിക്കാനുള്ള സീമയുടെ താല്പര്യത്തിന് അത് വിലങ്ങുതടിയായില്ല. സീമയുടെ വീട്ടില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേക്ക്. എല്ലാദിവസവും സീമ ഒരുകാലുപയോഗിച്ച് സ്കൂളില്‍ പോവുകയും ചെയ്യും.
പഠനം പൂർത്തിയാക്കിയശേഷം അധ്യാപികയാവണമെന്നാണ് സീമയുടെ ആഗ്രഹം. അധ്യാപികയായി സമീപപ്രദേശങ്ങളിലുള്ള കുട്ടികളെ പഠിക്കണം. - സീമ പറയുന്നു. കുടിയേറ്റ തൊഴിലാളിയാണ് സീമയുടെ അച്ഛൻ.
നടന് സോനു സൂദ്, ബിഹാര്‍ മന്ത്രി ഡോ. അശോക് ചൗധരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധിയാളുകളാണ് സീമയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സീമയെ സഹായിക്കാന്‍ തയ്യാറാണെന്ന് സോനു വ്യക്തമാക്കിയിട്ടുമുണ്ട്. വീഡിയോ വൈറലായതോടെ കളക്ടർ സീമയ്ക്ക് ഒരു മുച്ചക്ര വണ്ടി സമ്മാനിച്ചു.