കണ്ണ്കിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ ചിത്രം ഉപയോഗിച്ച് കർഷകൻ!
Saturday, September 4, 2021 2:02 AM IST
പുതിയ വീട് പണിയുന്ന ചിലർ കണ്ണ്കിട്ടാതെ ഇരിക്കാൻ വീടിനു മുന്നിൽ കോലം വയ്ക്കാറുണ്ട്. കൃഷിയിടത്തിൽ പക്ഷികളെയും മറ്റും ഭയപ്പെടുത്താനും ഇത്തരത്തിൽ കോലം ഉപയോഗിക്കാറുണ്ട്. എന്നാൽ കൃഷിക്ക് കണ്ണ്തട്ടാതിരിക്കാൻ ആന്ധ്രായിലെ ഒരു കർഷകൻ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
അതിനു കൂട്ടുപിടിച്ചത് ബോളിവുഡ് നടി സാക്ഷാൽ സണ്ണി ലിയോണിന്റെ ചിത്രവും. പത്തേക്കറോളം വരുന്ന തന്റെ കൃഷിയിടത്തിനു സമീപം സണ്ണി ലിയോണിന്റെ അർധനഗ്ന ചിത്രം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തത്. കൂടെ ബോർഡിൽ ഒരു തെലുങ്ക് കാപ്ഷനും- ‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്’. ആന്ധ്ര പ്രദേശിലെ നെല്ലോർ ജില്ലയിലെ ബൻഡാകില്ലിപ്പള്ളി ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡി എന്ന കർഷകനാണ് വ്യത്യസ്ത മാർഗം സ്വീകരിച്ചത്.
എന്തായാലും സംഗതി ഏറ്റെന്നു 45 കാരനായ കൃഷിക്കാരൻ അവകാശപ്പെടുന്നു. രണ്ടു വർഷമായി ഇത്തരം രീതികൾ ഇയാൾ നടത്താൻ തുടങ്ങിയിട്ട്. ചിത്രം സ്ഥാപിക്കുന്നതിനു മുന്പ് വിളവ് മോശമായിരുന്നു. എന്നാൽ ഇപ്പോൾ ആരും തന്റെ വിളകളിലേക്കു നോക്കാറില്ല.
നല്ല വിളവ് ലഭിക്കുന്നുണ്ടെന്നും ഇയാൾപറയുന്നു. സണ്ണി ലിയോണിന്റെ മാത്രമല്ല, ഹോളിവുഡ് താരം കിം കർദാഷിയാൻ ചിത്രവും ഇയാൾ കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവയാണ് ചെഞ്ചുവിന്റെ പ്രധാന കൃഷി.