തെലങ്കാനയിലും മറ്റും കനത്തമഴ തുടരുകയാണല്ലൊ. മഴ നിമിത്തം പലയിടങ്ങളിലും വെള്ളപ്പൊക്കമായി. വീടുകളിലും മറ്റും വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ കഷ്ടപ്പാടിലാണ്. കഴിഞ്ഞദിവസം തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ നാഗനൂല്‍ അരുവിയില്‍ ഒരു യുവാവ് അകപ്പെടുകയുണ്ടായി.
ശക്തമായ ഒഴുക്ക് നിമിത്തം അയാളെ രക്ഷിക്കുന്നത് സാഹസികമായിരുന്നു. ഈ സമയം ചില പോലീസുകാര്‍ അവിടെ ജീപ്പുമായി എത്തി. പോലീസ് ടീമിലെ കോണ്‍സ്റ്റബിള്‍മാരായ തഖിയുദ്ദീനും റാമും ആ യുവാവിന്റെ ദയനീയാവസ്ഥ മനസിലാക്കി.
അവര്‍ ഒരു മടിയും കൂടാതെ അവനെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തി ഇടപെടാന്‍ തീരുമാനിച്ചു. ഇരുവരും കൈകോര്‍ത്ത് അരുവിക്കരികിലേക്ക് പോയി. മൂന്നാമതൊരാളും ഈ സമയം അവരെ സഹായിക്കാന്‍ എത്തി.
അവര്‍ മൂവരും കൂടി അതിസാഹസികമായി ആ യുവാവിനെ വലിച്ച് കരയില്‍ കയറ്റി. അവസാനം അവനെ തങ്ങളുടെ ജീപ്പിനുള്ളിലെത്തിച്ചു.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, അസാധാരണമായ ധൈര്യവും തങ്ങളുടെ കര്‍ത്തവ്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയും പ്രകടിപ്പിച്ച ആ പോലീസുകാരെ നെറ്റിസണ്‍സ് അഭിനന്ദിക്കുകയുണ്ടായി. "അര്‍പ്പണബോധത്തിന്റെയും ധീരതയുടെയും ഉജ്ജ്വലമായ ഉദാഹരണം'എന്നാണൊരാള്‍ അവരെ കുറിച്ചെഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.