റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മേയ് വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സീതറാം യെച്ചൂരി നഗറിൽ നടന്ന അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി റഷീദലിയും ,വരവ് ചിലവ് കണക്ക് ട്രഷറർ നൗഫലും അവതരിപ്പിച്ചു.
കേന്ദ്ര കമ്മറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോർട്ടും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. മുഹമ്മദ് റാഫി, ഷിഹാബ് മമ്പാട്, മുഹമ്മദ് ഹനീഫ, ഐവിൻ ഷാജി, ഷറഫുദ്ധീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി അബ്ദുൽ കലാം, പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട്, ട്രഷറർ ഷിഹാബ് മമ്പാട് എന്നിവരടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
കേളി കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽസലാം, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ജയൻ പെരുനാട് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപാലൻ, ബാലു വേങ്ങേരി എന്നിവർ സമ്മേളനത്തെ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് അംഗം നബീൽ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
മുസാഹ്മിയ ഏരിയക്ക് കീഴിലെ ദവാദ്മി യൂണിറ്റ് സമ്മേളനം യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സജീവൻ കളത്തിലിന്റെ പേരിലുള്ള നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച സമ്മേളനം മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ഉമ്മർ പ്രവർത്തന റിപ്പോർട്ടും, ആക്ടിംഗ് ട്രഷറർ മുജീബ് വരവ് - ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശേരി മറുപടി പറഞ്ഞു. സുബൈർ, ലിനീഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി നിസാറുദ്ദിൻ റാവുത്തർ, കമ്മിറ്റി അംഗങ്ങളായ ജെറി തോമസ്, സുരേഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റായി ബിനു, സെക്രട്ടറി ഉമ്മർ, ട്രഷററായി മുജീബ് എന്നിവരടങ്ങുന്ന കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റ് അംഗം മോഹനൻ സ്വാഗതവും തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഉമ്മർ നന്ദിയും പറഞ്ഞു.