റിയാദ്: എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി "വസന്തം 2025'ന്റെ ഭാഗമായി ന്യൂസനയ്യയിലെ അൽ ഇസ്ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ രാത്രി ഒന്പതിന് ആരംഭിക്കും.
കേളിയുടെ എട്ട് ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലർച്ചവരെ നീണ്ടു നിൽക്കും. ബത്ത ബ്ലാസ്റ്റേഴ്സ്, റെഡ് സ്റ്റാർ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്സ് റൗദ, ഫാൽക്കൻ അൽ ഖർജ്, റെഡ് വാരിയേഴ്സ് മലാസ്, ഡീസെർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് ബോയ്സ് സുലൈ എന്നീ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും.
കളിയുടെ ഫിക്ചർ ചൊവ്വാഴ്ച പ്രകാശനം ചെയ്തു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മസരങ്ങൾ നടക്കുക. കളിയുടെ വിജയത്തിനായി കേളി വോളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാടിന്റെ നേതൃത്വത്തിൽ 101 അംഗ വോളണ്ടിയർ ടീമിന് രൂപം നൽകിയതായും കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂരും ചെയർമാൻ ജവാദ് പരിയാട്ടും അറിയിച്ചു.
മത്സരത്തിന്റെ ഭാഗമായി ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു. അൽഖർജിലെ അലിയാ ഗ്രൗണ്ടിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ടീം ക്യാപ്റ്റൻ ഷറഫുദ്ധീൻ, വൈസ് ക്യാപ്റ്റൻ ലുക്മാൻ എന്നിവർക്ക് കൈമാറികൊണ്ട് നിർവഹിച്ചു.
കേന്ദ്ര സ്പോർസ് കമ്മിറ്റി അംഗം ഗോപാലൻ, ടീം അംഗങ്ങളായ നൗഷാദ്, അജേഷ്, സമദ്, ഷിഹാബ് മമ്പാട്, അബ്ദുൾകലാം എന്നിവരും ഏരിയ രക്ഷധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.