"മധു'വസന്തത്തിന് ഇന്ന് നവതി
Saturday, September 23, 2023 10:32 AM IST
അറുപത് ആണ്ടുകളായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന മധു എന്ന വസന്തം ഇന്ന് നവതിയുടെ നിറവിൽ.
കടാപ്പുറത്ത് പാടിപ്പാടി മരിക്കുമെന്ന് പറഞ്ഞ് തന്റെ പ്രണയം കറുത്തമ്മയോട് പറയുന്പോൾ ആ പരീക്കുട്ടി പ്രണയമായി മാറിയത് അവർക്ക് മാത്രമായിരുന്നില്ല, മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കുമായിരുന്നു.
യൗവനത്തിന്റെ തുടിപ്പുകളായിരുന്നു ചെമ്മീൻ എന്ന ചിത്രത്തിലെ മധു അവതരിപ്പിച്ച പരീക്കുട്ടി എന്ന കഥാപാത്രം. കറുത്തമ്മയെ ആത്മാർഥമായി പ്രണയിച്ച ആ പ്രാണനായകൻ ദുഃഖസാന്ദ്ര പ്രണയത്തിന്റെ ആവിഷ്കാരമായിരുന്നു.
മുന്നൂറിലധികം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ നിലനിൽക്കുന്ന മാധവൻ നായർ എന്ന മധുവിന് ഇന്ന് പിറന്നാളാണ്.
മലയാളസിനിമയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം കണ്ട മഹാനടൻ. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23ന് ജനിച്ചു.
വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ്ടി ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു.
എങ്കിലും അഭിനയ മോഹത്തിന്റെ അലയൊലികൾ ആ മനസിൽ താളമായി കിടന്നിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപിച്ച് അധ്യാപനവൃത്തി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി.
നാടകപഠനവും വേദികളും ആ കലാകാരന് നിരവധി നല്ല നിമിഷങ്ങൾ സമ്മാനിച്ചു. സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മധുവിനെ കാത്തിരുന്നത് മലയാള സിനിമ ലോകമായിരുന്നു.
പി. മാധവന്‍നായര്‍ എന്ന പേര് മാറ്റി മധുവായി മാറി. മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നത് 1962 -ൽ ആയിരുന്നു.
ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം റിലീസായ ചിത്രം 1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ നിണമണിഞ്ഞ കാല്പാടുകളായിരുന്നു. ആ ചിത്രത്തിലെ പട്ടാളക്കാരന് സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു.
തനിക്ക് ലഭിച്ച വേഷങ്ങൾ യഥേഷ്ടം ആടിത്തീർക്കുകയാണ് ഈ മഹാനടൻ. 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം ആസ്വാദകഹൃദയങ്ങൾ കീഴടക്കി.
മലയാളസിനിമയുടെഎല്ലാ തലമുറകളെയും കണ്ട് അവർക്കൊപ്പം അഭിനയിച്ച് സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്കിടയിലും കഥാപാത്രങ്ങള്‍ക്ക് ഉയിരേകിയ മഹാനടന് പിറന്നാൾ ആശംസകൾ.