ഇനി വീട്ടിലിരുന്ന് കാണാം; ‘ആർഡിഎക്സ്’ ഒടിടിയിൽ പ്രദർശനത്തിനെത്തുന്നു
Saturday, September 23, 2023 1:09 PM IST
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്നർ ആർഡിഎക്സ് ഒടിടിയിൽ റിലീസ് ചെയ്യുന്നു. ചിത്രം സെപ്റ്റംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ വൻ വിജയം നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനായെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് ചമൻ ചാക്കോ, ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ, സംഗീതസംവിധാനം സാം സി.എസ്., വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി. സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി. കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.