ശ്രുതി ഹസനെ പിന്തുടർന്ന് ശല്യം ചെയ്ത് ആരാധകൻ, അനിഷ്ടം പ്രകടിപ്പിച്ച് താരം; വീഡിയോ
Saturday, September 23, 2023 1:23 PM IST
തന്നെ പിന്തുടർന്ന് ശല്യം ചെയ്ത ആരാധകനു നേരേ അനിഷ്ടം പ്രകടിപ്പിച്ച് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. മുംബൈയിൽ വിമാനത്താവളത്തിലെത്തിയ താരത്തെ ആരാധകൻ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തന്നെ പിന്തുടരുന്ന വ്യക്തിക്കെതിരേ അനിഷ്ടം പ്രകടിപ്പിക്കുന്ന ശ്രുതി ഹാസനെയാണ് വീഡിയോയിൽ കാണുന്നത്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. കൂടെ നിന്നു ഫോട്ടോ എടുത്ത ശേഷവും ഇയാൾ നടിയെ പിന്തുടരുകയായിരുന്നു. ആരാണ് അയാളെന്ന് ശ്രുതി ഹാസൻ അവിടെയുള്ള ഫോട്ടോഗ്രാഫര്‍മാരോടു തിരക്കുന്നുണ്ടായിരുന്നു.
എന്തിനാണയാള്‍ ഇവിടെ നില്ക്കുന്നതെന്നു താരം ചോദിക്കുന്നതും കേള്‍ക്കാം. കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയുണ്ട്.
അവിടെ വന്നും അയാൾ നടിയോട് സെൽഫി എടുക്കാൻ നിർബന്ധിക്കുന്നു. എന്നാല്‍ എനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് മാന്യമായി നടി പറയുന്നു.
മറ്റ് ആരാധകരും നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ശല്യം ചെയ്ത ആരാധകനോട് അനിഷ്ടം പ്രകടിപ്പിച്ച നടി സംഭവസ്ഥലത്തുനിന്ന് അതിവേഗം കാറിനടുത്തേക്ക് നടന്നുപോകുന്നതും വീഡിയോയിൽ കാണാം.
ശ്രുതി ഹാസനെ പിന്തുടർന്ന് ശല്യം ചെയ്തയാൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. സിനിമാതാരങ്ങൾക്കും സ്വകാര്യതയുണ്ടെന്നും അവരെ ഇത്തരത്തിൽ ശല്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് അഭിപ്രായം ഉയരുന്നത്.